അടിമാലി: പ്രളയത്തിൽ ഗതാഗതയോഗ്യമല്ലാതായി തീർന്ന മാങ്കുളം പഞ്ചായത്തിലെ റോഡ് താത്കാലികമായി തുറന്നു. മാങ്കുളം റേഷൻ കട സിറ്റിയിൽ നിന്ന് ആറാംമൈലിലേക്കുണ്ടായിരുന്ന പാതയുടെ ഒരു ഭാഗം 2018ലെ പ്രളയത്തിലായിരുന്നു തകർന്നത്. മലയിടിച്ചിലിൽ പാതയൊലിച്ച് പോയതിനൊപ്പം വലിയ പാറക്കല്ലുകൾ റോഡിലേക്കുരുണ്ട് എത്തുകയും ചെയ്തു. പൂർണമായി തകർന്ന് കിടന്നിരുന്ന പാത പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ താത്കാലികമായി ഗതാഗതയോഗ്യമാക്കി. ഏതാനും കിലോമീറ്റർ വരുന്ന ഭാഗം കോൺക്രീറ്റ് ചെയ്താൽ സുഗമമായ വാഹന ഗതാഗതം ഇതുവഴി സാദ്ധ്യമാകുമെന്ന് പ്രദേശവാസികൾ പറയുന്നു. റേഷൻകട സിറ്റിയിൽ നിന്നാരംഭിക്കുന്ന റോഡിന്റെ തുടക്ക ഭാഗം ടാറിംഗും കോൺക്രീറ്റും ചെയ്ത് ഗതാഗതയോഗ്യമാണ്. ശേഷിക്കുന്ന ഭാഗത്താണ് നിർമ്മാണ ജോലികൾ നടത്തേണ്ടത്. മാങ്കുളത്ത് നിന്ന് ആറാംമൈലിലേക്കുള്ള പ്രധാനപാത കഴിഞ്ഞ രണ്ട് വർഷക്കാലത്തും ഒലിച്ചു പോയിരുന്നു. താത്കാലികമായി തുറന്നിട്ടുള്ള റേഷൻകട സിറ്റി ആറാംമൈൽ റോഡിന്റെ മറ്റ് നിർമ്മാണ ജോലികൾ പൂർത്തീകരിച്ചാൽ മാങ്കുളത്ത് നിന്ന് ആറാംമൈലിലേക്ക് വേഗത്തിൽ എത്താനുള്ള മാർഗമായി ഈ പാതയെ മാറ്റാം.