പാലാ : അലീനിയായുടെ രാമായണ ഭക്തിഗാനം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ കൊച്ചു ഗായികക്ക് അഭിനന്ദന പ്രവാഹം. ഇന്നലെ സാമവേദി ഡോ. തോട്ടം ശിവകരൻ നമ്പൂതിരി കൈനിറയെ പുസ്തകങ്ങൾ അലീനിയ സെബാസ്റ്റ്യന്റെ രാമപുരത്തെ വീട്ടിലെത്തി സമർപ്പിച്ചു. ശാസ്ത്രീയ സംഗീതം കൂടുതൽ പഠിക്കാൻ പ്രമുഖ സംഗീതജ്ഞരുടെ സഹായം അലീനിയാ മോൾക്ക് ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം ഭരമസമിതി, കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം ഭാരവാഹികൾ എന്നിവരുടെ അഭ്യർത്ഥനയെ തുടർന്നാണ് കർക്കടകം 1 ന് സന്ധ്യയിൽ ശ്രീരാമ കീർത്തനം അലീനിയാ പാടി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ഇതിനോടകം 40000ത്തോളം പേരാണ് കീർത്തനം കണ്ടത്.