കുറവിലങ്ങാട് : കൊവിഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം കുറവിലങ്ങാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ സ്വാബ് കളക്ഷൻ സെന്റർ ആരംഭിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ഇതിനാവശ്യമായ സൗകര്യങ്ങൾ എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ.സാം പോൾ നിവേദനം സമർപ്പിച്ചിരുന്നു. സെന്ററിന്റെ പ്രവർത്തനത്തിനായി ആശുപത്രി പേ വാർഡിലെ ഒരു മുറി സജ്ജീകരിച്ചിട്ടുണ്ട്. സ്വാബ് കളക്ഷൻ കിയോസ്‌ക് , ഓക്‌സിജൻ സിലിണ്ടർ, എൻ95 മാസ്‌ക് , പി.പി.ഇ. കിറ്റ് , കമ്പ്യൂട്ടർ സിസ്റ്റം, പ്രിന്റർ എന്നിവയാണ് ആവശ്യമായി വരിക. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടീമുമായി ചർച്ച ചെയ്ത് എത്രയും പെട്ടെന്ന് ഭരണാനുമതി ലഭ്യമാക്കുമെന്ന് എം.എൽ.എ അറിയിച്ചു.