കോട്ടയം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കുർബാന നടത്തിയതിന് കടുത്തുരുത്തി സെൻ്റ് മേരീസ് ഫൊറോന പള്ളി (താഴത്തുപള്ളി) വികാരിയ്ക്കും സഹ വികാരിയ്ക്കും കൈക്കാർക്കും എതിരെ കടുത്തുരുത്തി പൊലീസ് കേസെടുത്തു. പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, കൈക്കാരന്മാരായ ഔസേപ്പച്ചൻ ചിറപ്പുറം, ബേബി വഞ്ചിപ്പുരയ്ക്കൽ, ജോയി വടക്കേ ഓലിത്തടം, അസി.വികാരി ഫാ.ഷിൻ്റോ വർഗീസ് എന്നിവർക്കെതിരെയാണ് കേസ്.
ഇന്നലെ പുലർച്ചെ ആറിനു രാവിലെ പത്തിനുമായി രണ്ടു കുർബാനയാണ് ക്രമീകരിച്ചിരുന്നത്. രണ്ടു കുർബാനയിലും എൺപതിലധികം ആളുകൾ പങ്കെടുത്തിരുന്നു. ആറുമണിയ്‌ക്ക് നടത്തിയ കുർബാനയിൽ കൂടുതൽ ആളുകൾ പങ്കെടുത്തതിനെതിരെ പൊലീസ് ആദ്യം താക്കീത് നൽകിയിരുന്നു. എന്നാൽ, ഇത് വകവയ്ക്കാതെ പത്തു മണി കുർബാനയിലും ആളുകൾ കൂട്ടത്തോടെ പങ്കെടുക്കുകയായിരുന്നു. കുർബാനയ്ക്ക് കൂടിയവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ അഞ്ചു പേർക്കാണ് പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മാഞ്ഞൂരിലും കടുത്തുരുത്തി ടൗണിലും മാർക്കറ്റിലും അടക്കം പലരും ഇവരുടെ സമ്പർക്ക പട്ടികയിലുമുണ്ട്.