കോട്ടയം : കുമാരനല്ലൂരിൽ വീണ്ടും മോഷണവും മോഷണശ്രമവും. ജംഗ്ഷനിലെ പള്ളിയുടെ നേർച്ചപ്പെട്ടിയിൽ കുത്തിത്തുറന്ന് ചില്ലറത്തുട്ടുകൾ കവർന്നു. സമീപത്തെ ഇരുമ്പുകടയിലും, പഴക്കടയിലും, പലചരക്ക് കടയിലും, മൂന്നു മുറുക്കാൻ കടകളിലുമാണ് മോഷണ ശ്രമം നടന്നത്. കടകളിൽ പണം സൂക്ഷിച്ചിരുന്നില്ല.

ശനിയാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷമാണ് മോഷണം നടന്നത്. മാസങ്ങൾക്ക് മുൻപ് കുമാരനല്ലൂർ ക്ഷേത്രത്തിലെയും, മുസ്ലിംപള്ളിയിലെയും കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയിരുന്നു. ഒരാഴ്ച മുൻപ് കുമാരനല്ലൂർ മേൽപ്പാലത്തിന് എതിർവശത്തെ രണ്ട് കടകളിലും മോഷണം നടന്നിരുന്നു. മോഷ്ടാക്കളെ കണ്ടെത്താൻ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗാന്ധിനഗർ പൊലീസ് കേസെടുത്തു.