പാലാ : ക്ഷേത്രക്കടവുകളൊഴിഞ്ഞ് ഇന്ന് കർക്കടക വാവുബലി. മീനച്ചിൽ താലൂക്കിലെ പ്രധാന വാവുബലി കേന്ദ്രങ്ങളായ ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രം, പൂഞ്ഞാർ മങ്കുഴി ക്ഷേത്രം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, പൂവരണി, അന്തീനാട് മഹാദേവ ക്ഷേത്രങ്ങൾ, പൈക ചാമുണ്ഡേശ്വരീ ക്ഷേത്രം, പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രം, ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രം, ഒഴയ്ക്കാട് ഭഗവതീ ക്ഷേത്ര സന്നിധി, കൊണ്ടാട് ശ്രീ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രം, കെഴുവംകുളം ഗുരുദേവക്ഷേത്രം എന്നിവിടങ്ങളെല്ലാം ഇന്ന് വിജനമായിരിക്കും. തലമുറകളായ ഭക്തർ ഇതേ വരെ കേട്ടുകേൾവി പോലുമില്ലാത്ത സംഭവം.
'ഞാൻ 50 വർഷമായി കടപ്പാട്ടൂർ മഹാദേവ ക്ഷേത്രക്കടവിലെ ബലികർമ്മത്തിന്റെ മുഖ്യകാർമികനാണ്. ഇത്തവണ ക്ഷേത്രത്തിലേക്കേ പോകുന്നില്ല.' 70 കാരനായ കീച്ചേരിൽ ഇളയത് പറഞ്ഞു. ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രം മേൽശാന്തി സനീഷ് ശാന്തിയ്ക്കും പൂഞ്ഞാർ ക്ഷേത്രത്തിലെ ബാബു നാരായണൻ തന്ത്രിയ്ക്കും, പൈക ക്ഷേത്രത്തിലെ വിളക്കുമാടം സുനിൽ തന്ത്രിയ്ക്കും, ഏഴാച്ചേരി കാവിൻപുറത്തെ വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരിക്കുമൊക്കെ പറയാൻ സമാന വാക്കുകൾ തന്നെ. പിതൃതർപ്പണം ഇല്ലെങ്കിലും എല്ലാ ക്ഷേത്രങ്ങളിലും പത്മമിട്ട് പിതൃപൂജ, തിലഹവനം, കൂട്ട നമസ്‌ക്കാരം, വിശേഷാൽ പൂജകൾ എന്നിവയുണ്ട്. ഭക്തജനങ്ങൾക്ക് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പല ക്ഷേത്രങ്ങളിലും ഭക്തർക്ക് ഫോണിലൂടെ പിതൃ പൂജകൾ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.