വ്യാപാരികളുടെ നിസഹകരണത്തിനെതിരെ ജില്ലാ ഭരണകൂടം
പാലാ : പ്രവിത്താനത്തെ ഓട്ടോ ഡ്രൈവർമാരുടെ സമ്പർക്ക പട്ടിക വിപുലം. പട്ടിക തയ്യാറാക്കുന്നതിൽ വ്യാപാരികൾ സഹകരിക്കാത്തത് ആരോഗ്യവകുപ്പിനെ കുഴയ്ക്കുന്നു. ഇതോടെ കർശന നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്ത്. സ്രവ പരിശോധന നടത്തിയ ശേഷം ഡ്രൈവർമാർ നിരവധി ഇടത്തിൽ എത്തിയതായാണ് ഇരുവരും നൽകുന്ന വിവരം.പ്രവിത്താനം, കൊല്ലപ്പള്ളി, അളനാട്, ഏഴാച്ചേരി, അന്തീനാട്, പയപ്പാർ എന്നിവിടങ്ങളിലായി ഹോട്ടൽ ഉൾപ്പെടെയുള്ള കടകളിൽ ഇവർ സ്രവ പരിശോധനയ്ക്ക് ശേഷം എത്തിയിരുന്നു.
എന്നാൽ സമ്പർക്ക പട്ടിക തയ്യാറാക്കി ഈ കടകൾ നിരീക്ഷണത്തിലാക്കണമെന്ന പ്രോട്ടോക്കോളിന് വ്യാപാരികളുടെ നിസഹകരണം പ്രതിസന്ധി സൃഷ്ടിക്കുകയാണ്. രോഗികൾ കടകളിൽ എത്തിയില്ലെന്നാണ് കടഉടമകൾ പറയുന്നത്. സമ്പർക്ക പട്ടിക തയ്യാറാക്കി കടകൾ അടച്ച് അണുനശീകരണം നടത്തണമെന്ന് ആരോഗ്യ വകുപ്പ് പല തവണ അറിയിച്ചിട്ടും വ്യാപാരികൾ എതിർപ്പ് തുടരുകയാണ്. ഡ്രൈവർമാരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇവർ സന്ദർശിച്ച മേഖലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകും. അണു നശികരണം നടത്തി നിർദ്ദേശങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ നടപടി സ്വീകരിക്കും.
അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി
വ്യാപാരി വ്യവസായി പ്രവിത്താനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്തീനാട് അമ്പലം പ്രവിത്താനം, ഉള്ളനാട് പള്ളികൾ, ഹെൽത്ത് സെന്റർ ഉൾപ്പെടെ അന്തീനാട് മുതൽ ഉള്ളനാടുവരെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും, വെയിറ്റിംഗ് ഷെഡ്, ഓട്ടോറിക്ഷ സ്റ്റാൻഡ് എന്നിവിടങ്ങളും അണുവിമുക്തമാക്കി. ശുചീകരണ പരിപാടികൾ മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി പ്രസിഡന്റ് സജി എസ്. തെക്കേൽ ,ഷാജി മണിയമാക്കൽ, വിനോദ് വേരനാനി, സാബു ഔസേപ്പുപറമ്പിൽ, ഹരി തോപ്പിൽ, സുജിത് നായർ, സണ്ണി കലവനാൽ, നിർമ്മല ജിമ്മി, ജിമ്മിച്ചൻ ചന്ദ്രൻകുന്നേൽ എന്നിവർ നേതൃത്വം നൽകി.