കോട്ടയം: ഇടതു മുന്നണി സർക്കാരിലും സ്പീക്കറിലും അവിശ്വാസം രേഖപ്പെടുത്തി യു.ഡി.എഫ് നൽകിയ പ്രമേയത്തിനെതിരെ ജോസ് വിഭാഗം വോട്ട് ചെയ്താലും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നാലും വിപ്പ് ലംഘനത്തിന് നടപടിയെടുക്കുമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജ.ജോസഫ് കേരളകൗമുദിയോട് പറഞ്ഞു .

അതേസമയം അവിശ്വാസ പ്രമേയകാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും വരും ദിവസങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നുമാണ് ജോസ് വിഭാഗം ചെയർമാൻ ജോസ് കെ. മാണി അറിയിച്ചത് . യു.ഡി.എഫിൽ നിന്നു പുറത്താക്കിയതോടെ സ്വതന്ത്ര നിലപാടിലാണെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് ജോസ് കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു. ഇടതു മുന്നണിയെ പിന്തുണച്ചാൽ അത് മുന്നണി പ്രവേശനത്തിന്റെ സൂചനയാകും. യു.ഡി.എഫിൽ നിന്ന് പുറത്താക്കിയെങ്കിലും രണ്ട് എം.പി മാരുള്ള ജോസ് വിഭാഗം ഇപ്പോഴും യു.പി.എ ഘടകകക്ഷിയുമാണ്.

ഇടതു മുന്നണിക്ക് ഭൂരിപക്ഷമുള്ളതിനാൽ അവിശ്വാസ പ്രമേയം പരാജയപ്പെടുമെങ്കിലും ഒരു മുന്നണിയിലുമില്ലാത്ത ജോസ് വിഭാഗം എന്തു നിലപാട് സ്വീകരിക്കുമെന്നത് ചർച്ചയാകും. ഇടതു സർക്കാരിനെതിരായ രാഷ്ട്രീയ നീക്കം ശക്തമാക്കുന്നതിനിടയിൽ രണ്ട് എം.എൽ.എമാരുള്ള ജോസ് പക്ഷം ഇടത് അനുകൂല നിലപാട് സ്വീകരിച്ചാൽ യു.ഡി.എഫിന് ക്ഷീണമാകും.

സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിപ്പറയാത്ത നിലപാടായിരുന്നു ജോസ് കെ. മാണിയുടേത്. ജോസ് മാത്രമാണ് പിണറായിയെ വിമർശിക്കാതിരുന്നതെന്ന് ജോസഫ് പരിഹസിച്ചിരുന്നു. ഇടതു പ്രവേശനത്തെ അനുകൂലിച്ചും യു.ഡി.എഫിലേക്ക് തിരിച്ചു പോകണമെന്നുമുള്ള വ്യത്യസ്ത അഭിപ്രായം ഉയരുന്നതിനിടയിൽ എന്തു നിലപാട് സ്വീകരിക്കുന്നതിനും എം.പിമാരും എം.എൽ.എമാരുമടങ്ങുന്ന നാലംഗ സമിതി ജോസിനെയാണ് ചുമതലപ്പെടുത്തിയിട്ടള്ളത്.