പാലാ : സബ് ജയിലിൽ നിന്ന് ചീ ഞ്ഞളിഞ്ഞ മലിനജലം മെയിൻ റോഡിലേക്ക് തുറന്നു വിടുന്നതായി പരാതി. കഴിഞ്ഞ ഒരാഴ്ചയായാണ് ജയിലധികൃതർ ഈ കലാപരിപാടി തുടരുന്നത്. കനത്ത മഴയുള്ള സമയത്ത് ആരും അറിയില്ലെന്ന് കരുതിയാണ് ഈ പണി നടത്തുന്നതെന്നാണ് പൊതുജന സംസാരം. ജയിലിനുള്ളിൽ നിന്ന് മെയിൻ റോഡ് വക്കിലേക്ക് തുറന്നിരിക്കുന്ന ഓവിലൂടെയാണ് ചീഞ്ഞളിഞ്ഞ ഭക്ഷ്യാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മലിന ജലം ഒഴുക്കുന്നത്. ഇത് ഓടയ്ക്ക് മേലെ ഒഴുകി സിവിൽ സ്റ്റേഷൻ റോഡിൽ പരയ്ക്കുന്നു. തുടർന്ന് ടി.ബി. റോഡിലൂടെ ഒഴുകി മീനച്ചിലാറ്റിലേക്ക് എത്തും.

മൂക്കുപൊത്തിയാണ് ഇതുവഴി പലരും യാത്ര ചെയ്യുന്നത്. ജയിലിനടുത്തുള്ള ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ സെന്റർ, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രക്കാരുൾപ്പെടെ നൂറുകണക്കിനാളുകൾ നിത്യേന സഞ്ചരിക്കുന്ന വഴിയാണിത്. റോഡിന് തൊട്ടപ്പുറം അങ്കണവാടിയും, ബി.ആർ.സി ഓഫീസുമുണ്ട്. പകർച്ചവ്യാധികൾ പെരുകുന്ന ഈ വേളയിൽ ജയിലധികൃതർ കാണിക്കുന്ന തോന്ന്യാസം ചോദ്യം ചെയ്യാനോ തടയാനോ നഗരസഭാധികാരികളോ, ആരോഗ്യവകുപ്പോ തയ്യാറാകുന്നില്ല.

ദുർഗന്ധം സഹിച്ച് ഞങ്ങൾ മടുത്തു. കഴിഞ്ഞ ഒരാഴ്ചയായി ഇതു തുടരുകയാണ്. നല്ല മഴ പെയ്യുന്ന വേളയിലാണ് ജയിൽ ഉദ്യോഗസ്ഥർ ഈ കൊടുംചതി ചെയ്യുന്നത്. ആരും ചോദിക്കാനും പറയാനുമില്ല.

പി.ആർ.നാരായണൻ കുട്ടി, വ്യാപാരി

അന്വേഷിച്ച് നടപടി സ്വീകരിക്കും

നേരത്തേ കുറച്ച് ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ടായിരുന്നു. ഇപ്പോൾ ഇങ്ങനെ ചെയ്യുന്നില്ല. എങ്കിലും പരാതി ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യം അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കും. ഇപ്പോൾ 5 വാറന്റ് പ്രതികൾ മാത്രമേ ജയിലിലുള്ളൂ. ഒരു പാട് മലിനജലം പോലും ഇപ്പോൾ ഇവിടെ ഉണ്ടാകുന്നില്ല.

പ്രദീഷ്, സൂപ്രണ്ട് ഇൻ ചാർജ്
പാലാ സബ് ജയിൽ