കോട്ടയം: കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ രാപകലില്ലാതെ ഓടുന്ന 108 ആംബുലൻസ് ഡ്രൈവർമാർ മാന്യമായ ഭക്ഷണം ആവശ്യപ്പെട്ട് സമരത്തിൽ. വണ്ടിനും പാറ്റയ്‌ക്കും പല്ലിക്കും പിന്നാലെ ഭക്ഷണത്തിൽ നിന്ന് തലമുടിയും കിട്ടിയതോടെയാണ് ഇവർ പ്രതിഷേധവുമായി ഇറങ്ങിയത്. നഗരസഭയിൽ കുടുംബശ്രീ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിൽ നിന്നാണ് ഇവർക്ക് ഭക്ഷണം എത്തിക്കുന്നത്.
ജനറൽ ആശുപത്രിയിലെ കൊവിഡ് സെല്ലിന്റെ ഭാഗമായി ഏഴ് ആംബുലൻസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ, ഡ്രൈവർമാരും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരായ നഴ്‌സുമാരും അടക്കം 14 പേരാണ് ജോലി ചെയ്യുന്നത്. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും, കൊവിഡ് രോഗികൾക്കും ഒന്നിച്ചാണ് ഇവിടെ ഭക്ഷണം എത്തിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്‌ച ഭക്ഷണത്തിൽ നിന്ന് ചത്ത വണ്ടിനെ ലഭിച്ചു. പിറ്റേന്ന് ചത്ത പല്ലിയെയാണ് ലഭിച്ചത്. അടുത്ത ദിവസം പാറ്റയും ലഭിച്ചു. ആദ്യ ദിവസം മുതൽ തന്നെ കൊറോണ സെല്ലിന്റെ ഔദ്യോഗിക ഗ്രൂപ്പിൽ ഡ്രൈവർമാരും ജീവനക്കാരും രേഖാമൂലം പരാതി അറിയിച്ചിരുന്നു.
ഒരു ദിവസം അൻപത് കേസ് വരെയാണ് ഈ ഏഴു വാഹനങ്ങളിലെ ഡ്രൈവർമാർ കൈകാര്യം ചെയ്യുന്നത്. ഇവർക്കു മാന്യമായ ഭക്ഷണം അനുവദിക്കണമെന്നു മാത്രമാണ് ഇവരുടെ അപേക്ഷ.
രാവിലെ സർവീസ് നടത്തിയ ഡ്രൈവർമാർ ഉച്ചയ്ക്കു ശേഷം കേസുകൾ എടുക്കുന്നതിൽ നിന്നും വിട്ടു നിന്നു. പ്രതിഷേധത്തെ തുടർന്ന് കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നത് വൈകിയതോടെ ആശുപത്രി അധികൃതരും പൊലീസും എത്തി ചർച്ച നടത്തി. തിങ്കളാഴ്‌ച തന്നെ പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പിൽ സമരം വൈകിട്ടോടെ അവസാനിപ്പിച്ചു.