തലയോലപ്പറമ്പ് : മറവൻതുരുത്ത് കുലശേഖരമംഗലത്തെ കൂട്ടുമ്മേൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബേക്കറി ഉടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മറവൻതുരുത്ത് പഞ്ചായത്തിലെ 11ാം വാർഡായ കൂട്ടുമ്മേൽ, 12ാം വാർഡായ കെ.എസ്മംഗലവും കണ്ടെയ്ൻമെന്റ് സോണാക്കി. ബേക്കറി ഉടമയുടെ സമ്പർക്ക പട്ടികയിലുള്ള 62 പേരിൽ 24 പേരുടെ സ്രവപരിശോധന നടത്തി. സ്രവപരിശോധനയ്ക്ക് വാഹനങ്ങൾ കിട്ടാതെ വന്നതിനാൽ പഞ്ചായത്ത് വാഹനം തരപ്പെടുത്തി ഷീൽഡ് കൊണ്ട് മറച്ചാണ് ആളുകളെ പരിശോധനയ്ക്ക് അയച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഹരിക്കുട്ടൻ പറഞ്ഞു. 11, 12 വാർഡുകളിലെ കടകളും ബാങ്കും മറ്റ് സ്ഥാപനങ്ങളും അടച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം രാവിലെ 9 ന് തുറന്ന് ഉച്ചകഴിഞ്ഞ് 3 ന് അടക്കും. കൂട്ടുമ്മേൽ ക്ഷേത്രത്തിന് മുൻവശത്തെയും വടക്കുഭാഗത്തെവഴിയുംമൂഴിക്കൽ പാലം, ഇത്തിപ്പുഴയിലെ പ്രധാന നിരത്തിലേയ്ക്കു 12ാം വാർഡിൽ നിന്നുള്ള വഴികളും അധികൃതർ കെട്ടി അടച്ചു.