കോട്ടയം: മണർകാട് ക്രൗൺ ക്ലബ് ചീട്ടുകളി കേന്ദ്രത്തിന് വഴിവിട്ട സഹായം ചെയ്തുകൊടുത്ത മണർകാട് എസ്.എച്ച്.ഒ തെറിക്കും. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ കേസിൽ നിന്നും ഊരിയെടുക്കാൻ പ്രതിക്ക് നിയമോപദേശം നല്കിയ സി.ഐയുടെ ഫോൺ സന്ദേശം സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ചു. ഇത് അതീവ ഗൗരവമാണെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ചീട്ടുമേശയിൽ നിന്ന് 18 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. കൂടാതെ കളിക്കാൻ വന്ന 43 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
എന്നാൽ ക്ലബിന്റെ താഴെത്തെ നിലയിൽ പ്രവർത്തിക്കുന്ന തന്റെ സ്ഥാപനത്തിൽ നിന്നാണ് 18 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തതെന്നാണ് പ്രതി മാലം സുരേഷ് സി.ഐയുമായുള്ള സംഭാഷണത്തിൽ പറയുന്നത്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് സി.ഐ രതീഷ് കുമാറിന്റെ മറുപടി. പരിശോധനയ്ക്ക് പിന്നിൽ പാമ്പാടി സി.ഐ ശ്രീജിത്താണെന്നും പറയുന്നുണ്ട്. പൊലീസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സുരേഷ് പറയുമ്പോൾ അതാണ് നല്ലതെന്നും മണർകാട് സി.ഐ ഉപദേശം നല്കുന്നുണ്ട്. എന്നാൽ സി.ഐ യുമായുള്ള സംഭാഷണം പുറത്തുവിട്ടത് മാലം സുരേഷാണെന്നാണ് ആക്ഷേപം.
സന്ദേശം വ്യാജമല്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. മണർകാട് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്ക് 10,000 മുതൽ 25,000 രൂപ വരെ മാസപ്പടി, ക്ലബ് നല്കുന്നുണ്ടെന്ന് കഴിഞ്ഞദിവസം ഫ്ലാഷ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവം. ഇഷ്ടക്കാരെ മണർകാട് സ്റ്റേഷനിൽ നിലനിർത്താനും മറ്റ് സ്റ്റേഷനുകളിൽ നിന്നും മണർകാട് സ്റ്റേഷനിലേക്ക് കൊണ്ടുവരാനും ചീട്ടുകളി കേന്ദ്രം നടത്തിപ്പുകാർ ശ്രമിച്ചിരുന്നു. ഇതിന് ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.
ചീട്ടുകളി കേന്ദ്രം നടത്തിപ്പുകാരായ മണർകാട് വാവത്തിൽ കെ.വി സുരേഷ് (മാലം സുരേഷ്-48), കുറുമുള്ളൂർ വടക്കുംകര സന്തോഷ് (45) എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പകർച്ചവ്യാധി നിരോധന നിയമം, ചീട്ടുകളി നിയമം എന്നിവ ഉൾക്കൊള്ളിച്ചാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. നാലു വർഷം മുമ്പ് ആരംഭിച്ച ഈ ക്ലബിൽ പലപ്പോഴും റെയ്ഡ് നടന്നിട്ടുണ്ടെങ്കിലും ആരെയും പിടികൂടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് മണർകാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാതെ എസ്.പിയുടെ മൂന്ന് വിശ്വസ്തരായ ഡിവൈ.എസ്.പി മാരെ നിയോഗിച്ച് റെയ്ഡ് നടത്തിയത്.