bar

കോട്ടയം : കൊവിഡ് സാമ്പിൾ പരിശോധനയിൽ എം.ജി സർവകലാശാല തലപ്പാടി ഗവേഷണ കേന്ദ്രം നേട്ടത്തിന്റെ നെറുകയിൽ. ദിവസം 1500 ലേറെ സാമ്പിളുകളാണ് പരിശോധിക്കുന്നത്. 24മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാകും. ഇതിനകം 25000 സാമ്പിളുകൾ പരിശോധിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ദിവസം 500 സാമ്പിൾ പരിശോധന മാത്രം നടക്കുമ്പോഴാണ് തലപ്പാടി അന്തർസർവകലാശാല സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ വൈറസ് ഗവേഷണ സെന്റർ മൂന്നിരട്ടി പരിശോധന നടത്തി കേരളത്തിന് മാതൃകയാകുന്നത്.

ഐ.സി.എം.ആറിന്റെയും സംസ്ഥാന സർക്കാരിന്റെയും അംഗീകാരത്തോടെ നടത്തുന്ന പരിശോധനയ്ക്ക് മുതിർന്ന ശാസ്ത്രജ്ഞർ മേൽനോട്ടം വഹിക്കുന്നു. മാർച്ച് 27 മുതൽ പരിശോധനകൾ തുടങ്ങി. ദിവസം 50 സാമ്പിളുകളായിരുന്നു ആദ്യഘട്ടത്തിൽ. ഇപ്പോൾ 1000ൽ നിന്ന് 1500ലേക്ക് കടക്കുന്നു. ഇടുക്കിയിലെ സാമ്പിളുകളും പരിശോധിക്കുന്നത് ഇവിടെയാണ്. ഇന്ത്യൻ അക്കാദമി ഒഫ് ന്യൂറോ സയൻസ് ലൈഫ് അച്ചീവ്മെന്റ് അവാഡ് ലഭിച്ച ഡോ.കെ.പി മോഹൻ കുമാറാണ് ഡയറക്ടർ.

ദിവസം 1500 സാമ്പിൾ

ഫലം 24 മണിക്കൂറിനുള്ളിൽ

നിരവധി തവണ സ്രവ പരിശോധന നടത്തിയാണ് കൊവിഡ് പോസിറ്റീവോ നെഗറ്റീവോ എന്ന് കണ്ടെത്തുന്നത്. സാമ്പിളുകൾ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ പരിശോധന ഫലം സംസ്ഥാന സർക്കാരിനെയും അതത് ജില്ല സർവെയ്‌ലൻസ് ഓഫീസർമാരെയും അറിയിക്കും. കർശന സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ചാണ് പരിശോധന. മൂന്നു ഷിഫ്റ്റിൽ 24 മണിക്കൂറും പ്രവർത്തിച്ചാൽ 1500 പരിശോധന വരെ നടത്താൻ ശേഷിയുണ്ട്. അടുത്താഴ്ച പുതിയ മെഷിൻ സജ്ജമാകും. റിസർച്ച് സെന്ററിലെ ജീവനക്കാരെ കൂടാതെ 14 ലാബ് ജീവനക്കാരെക്കൂടി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. 10 ലാബ് ജീവനക്കാരുടെ കൂടി സേവനം ലഭ്യമായാൽ ദിവസം കൂടുതൽ സാമ്പിളുകൾ പരിശോധിച്ച് അതിവേഗത്തിൽ ഫലം നൽകാനാകും.

ഡോ.കെ.പി.മോഹനകുമാർ,ഡയറക്ടർ