നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടും
കോട്ടയം : സമ്പർക്കരോഗ വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ഏറ്റുമാനൂർ മാർക്കറ്റ് ഇന്ന് മുതൽ അടയ്ക്കും. രണ്ടു ദിവസത്തിനിടെ മാർക്കറ്റിലെ മൂന്നു തൊഴിലാളികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടാൻ വ്യാപാരിവ്യവസായി ഏകോപനസമിതി ഏറ്റുമാനൂർ യൂണിറ്റ് യോഗം തീരുമാനിച്ചു. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങളും മെഡിക്കൽ ഷോപ്പുകളും ഒഴികെ എല്ലാ കടകളും ഇന്ന് മുതൽ അടുത്ത ഞായറാഴ്ച വരെ അടച്ചിടും. ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് മാത്രമായിരിക്കും ഉണ്ടാവുക. അവശ്യസർവീസായി തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് ഒരു കാരണവശാലും ആളുകളെ പ്രവേശിപ്പിക്കരുത്. സാമൂഹികഅകലം പാലിച്ച് പുറത്തു നിറുത്തി സാധനങ്ങൾ കൊടുക്കണം. ഹോംഡെലിവറി സൗകര്യമുള്ളവർ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം.
ഏറ്റുമാനൂർ പേരൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ പച്ചക്കറിമാർക്കറ്റിൽ പച്ചക്കറി എടുക്കാൻ എത്തിയ ലോറി ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റുമാനൂരിൽ ജാഗ്രത സജീമാക്കിയത്. ഇവിടെ കൂടുതൽ ആളുകൾക്ക് പരിശോധന നടത്തി. കൂടുതൽ ആളുകളിലേക്ക് രോഗം പടരുന്നതോടെ ഏറ്റുമാനൂരിലെ വിവിധ ഭാഗങ്ങൾ അണുവിമുക്തമാക്കി.
അടച്ചിട്ട മാർക്കറ്റിൽ അതിക്രമിച്ച്
കയറിയവർക്കെതിരെ കേസ്
അടച്ചിട്ട ഏറ്റുമാനൂർ മാർക്കറ്റിലേയ്‌ക്ക് അതിക്രമിച്ചു കയറിയ ഐ.എൻ.ടി.യു.സി പ്രവർത്തകർക്കെതിരെ കേസെടുത്തു. ഏറ്റുമാനൂർ 101 കവല മഠത്തിൽ പറമ്പിൽ ജോബി ജോൺ (38), മുല്ലശ്ശേരി ഷൈജു (32), അതിരമ്പുഴ പുത്തൻ വീട്ടിൽ സെയ്ദ് മുഹമ്മദ് (62) ധർവേഷ് (51) എന്നിവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് രണ്ടിന് മത്സ്യമാർക്കറ്റിലായിരുന്നു സംഭവം. മദ്യലഹരിയിൽ മൂന്നു ബൈക്കുകളിലായി എത്തിയ ഏഴു പ്രവർത്തകർ ബാരിക്കേഡ് തട്ടിത്തകർത്ത് അകത്തു കയറുകയായിരുന്നു. നഗരസഭ ആരോഗ്യ വിഭാഗം അധികൃതരും പൊലീസ് സ്ഥലത്ത് എത്തി ഇവരെ പിടികൂടി.