fish-mrket

ചങ്ങനാശേരി: കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ കൂടുതൽ കൊവിഡ് പോസിറ്റീവ് കേസുകൾ വന്നതിനെ തുടർന്ന് നഗരസഭ പരിധിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ചങ്ങനാശേരി മത്സ്യമാർക്കറ്റ് കഴിഞ്ഞദിവസം പൂർണമായി അടച്ചിരുന്നു. അതേസമയം സ്ഥാപന ഉടമകളും ജീവനക്കാരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനസമയം ക്രമീകരിച്ചതായും നഗരസഭാ ചെയർമാൻ സാജൻ ഫ്രാൻസിസ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബിജു ആന്റണി, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി ജോജി ജോസഫ്, ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് എ.കെ ബഷീർ എന്നിവർ പറഞ്ഞു. നഗരസഭാ പരിധിയിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയായിരിക്കും. ഹോട്ടലുകൾ രാവിലെ 7മുതൽ വൈകുന്നേരം 7വരെ തുറന്നു പ്രവർത്തിക്കും. വൈകിട്ട് 7 മുതൽ രാത്രി 9 വരെ പാർസൽ സൗകര്യം മാത്രം ലഭ്യമാണ്. ചങ്ങനാശേരി അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ ചങ്ങനാശേരി മത്സ്യ മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ് പരിസരം എന്നിവിടങ്ങൾ അണുവിമുക്തമാക്കി. സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ഹരേഷ് കുമാർ, ഫയർമാൻ ഡ്രൈവർ പി ഗിരീഷ്, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ഷുഹൈബ്, അൻവർ ഷാ, സമിൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.

മൂന്ന് വാർഡുകൾ കൂടി അടച്ചു

നഗരസഭയിലെ 31, 32,33 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളാക്കി. മാർക്കറ്റിൽ ചങ്ങനാശേരി പൊലീസിന്റെ നേതൃത്വത്തിൽ അനൗൺസ്‌മെന്റുകളും ആരംഭിച്ചു. പച്ചക്കറി മാർക്കറ്റിലേക്ക് എത്തുന്നവരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം.