mask

കോട്ടയം : കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോഴും ജില്ലയിൽ മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം വർദ്ധിക്കുന്നു. പൊലീസ് വാഹന പരിശോധനയ്‌ക്കിടെ എത്തുന്ന അ‌ഞ്ചിൽ രണ്ടു പേരും മാസ്‌ക് ധരിക്കാത്തവരാണെന്നാണ് കണക്കുകൾ. മാസ്‌ക് ധരിച്ചവർ പോലും താടിയ്‌ക്ക് അലങ്കാരമായാണ് മാസ്‌കിനെ കണ്ടിരിക്കുന്നത്. ജൂലായിൽ ഇതുവരെ 1875 പേർക്കെതിരെയാണ് മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തത്. ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തിൽ ഭൂരിഭാഗം പേരും മാസ്ക് ധരിച്ചാണ് വഴിയിലിറങ്ങിയിരുന്നത്. ഇപ്പോൾ അതല്ല സ്ഥിതി.

സ്വന്തം കാർ,​ പിന്നെന്തിന് മാസ്ക്

ഇരുചക്ര വാഹനങ്ങളിൽ സ‌ഞ്ചരിക്കുന്നവരേക്കാൾ കൂടുതൽ, കാറുകളിൽ സഞ്ചരിക്കുന്നവരാണ് മാസ്‌ക് ധരിക്കുന്നതിൽ വിമുഖത കാട്ടുന്നത്. സ്വന്തം കാറിൽ സഞ്ചരിക്കുമ്പോൾ എന്തിന് മാസ്‌ക് ധരിക്കണമെന്നാണ് പരിശോധനയ്‌ക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥരോട് പലരും ചോദിക്കുന്നത്.

പരിശോധനയ്ക്ക് പ്രത്യേക ടീം

ക്വാറന്റൈൻ ലംഘിക്കുന്നവരെയും, കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവരെയും കണ്ടെത്താൻ പൊലീസും റവന്യു വകുപ്പും ഒന്നിച്ച് കൈകോർക്കും. ജില്ലയിലെ മാർക്കറ്റുകളിൽ നിയന്ത്രണം കർശനമാക്കാനും, ഇതുവഴി രോഗബാധിതരുടെ എണ്ണം കുറയ്‌ക്കാനുമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. താലൂക്ക് ഓഫീസർമാരുടെയും ഡിവൈ.എസ്.പിമാരുടെയും നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് പരിശോധന നടത്തും.