joshi

മുണ്ടക്കയം : മീൻ കൃഷിയിൽ വിജയഗാഥ രചിക്കുക മാത്രമല്ല, കിട്ടിയ പണം മുഴുവൻ ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കുന്നവർക്ക് പകുത്തും നൽകി മാതൃകയാകുകയാണ് മുണ്ടക്കയം മംഗലത്ത് ജോഷി. ലോക്ക് ഡൗണിന്റെ സമയത്ത് വിളവെടുത്ത് വിറ്റുകിട്ടിയ ഒരുലക്ഷത്തിലേറെ രൂപ ഭക്ഷ്യക്കിറ്റായി പാവങ്ങളുടെ വീടുകളിലെത്തി.

നാലുവർഷത്തോളമായി മുണ്ടക്കയത്തെ അറിയപ്പെടുന്ന മത്സ്യകൃഷി സംരഭകനാണ് ജോഷി. വീടിനോടും ചേർന്നും പറമ്പിലുമായി നിർമ്മിച്ച പടുകൂറ്റൻ കുളങ്ങളിലാണ് മീൻവളർത്തൽ.

പരിപാലനത്തിന് മൂന്ന് ജീവനക്കാരുണ്ട്. ഗിഫ്റ്റ് സിലോപ്പ്യ, നട്ടർ എന്നിവയുടെ കുഞ്ഞുങ്ങളെ സർക്കാർ ഫാമുകളിൽ നിന്ന് എത്തിച്ച് വളർത്തി വിൽക്കുകയാണ് ചെയ്യുന്നത്. ഒരു തവണ വിളവെടുക്കുന്നത് പതിനായിരക്കണക്കിന് മീനുകളെ. വീടിനോട് ചേർന്നുള്ള കടയിൽ ചെന്നാൽ മതി ആവശ്യമനുസരിച്ച് പിടിച്ച് വെട്ടി വാങ്ങാം. ശുദ്ധമായ മീനായതിനാൽ ആവശ്യക്കാരുമേറെയാണ്. സാമൂഹ്യസേവന രംഗത്ത് നിറഞ്ഞു നിൽക്കുന്ന ജോഷിക്ക് കൈയിൽ കിട്ടിയ പണം ബാങ്കിലിടാൻ തോന്നിയില്ല. മുണ്ടക്കയം, പാറത്തോട് പഞ്ചായത്തുകളിൽ പാവങ്ങളിൽ പാവങ്ങളായവരുടെ പട്ടികയെടുത്തു. ഹോൾസെയിലായി അരിയും പലവ്യഞ്ജനവും പച്ചക്കറിയും വരുത്തിച്ച് കിറ്റുകളാക്കി വീടുകളിൽ എത്തിച്ചു നൽകി.

മീൻവളർത്തലിന് പ്രൊഷണൽ ടച്ച്

പ്രൊഫഷണൽ രീതിയിലാണ് ജോഷിയുടെ മീൻ വളർത്തൽ. മൂന്ന് ജീവനക്കാർ 24 മണിക്കൂറും മീനുകൾക്കൊപ്പമാണ്. കൃത്യമായ പരിപാലനം. ഓക്‌സിജൻ നൽകാൻ നിരവധി മോട്ടോറുകൾ. ചെറുടാങ്കുകളിൽ വളർത്തുന്ന കുഞ്ഞുങ്ങൾ വലുപ്പം വച്ച് തുടങ്ങിയാൽ വലിയ കുളങ്ങളിലേയ്ക്ക് മാറ്റും. കുളവും ടാങ്കുമെല്ലാം സിമന്റും കട്ടയും കൊണ്ട് കെട്ടിയുണ്ടാക്കിയതാണ്. ടാങ്കിന് ചുറ്റും ടാർപോളിൻ വിരിച്ച് അതിലാണ് വെള്ളം നിറച്ചിരിക്കുന്നത്. മീനിന്റെ വിസർജ്യം മറ്റൊരു മോട്ടോർ ഉപയോഗിച്ച് മാറ്റും. ആഴ്ചയിലൊരിക്കൽ വെള്ളവും മാറ്റും. 34 മാസത്തിനുള്ളിൽ പൂർണ വളർച്ചയെത്തിയ മീനുകളെ വിളവെടുക്കാമെന്ന് ജോഷി പറയുന്നു.