പാലാ : ഏഴാച്ചേരി, കൊല്ലപ്പള്ളി മേഖലകളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കാണിക്കുന്ന അലംഭാവം നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കുന്നു. കൊവിഡ് രോഗം സ്ഥിരീകരിച്ച പ്രവിത്താനത്തെ ഓട്ടോക്കാരന്റെ അടുത്തബന്ധു ചില വ്യാപാരസ്ഥാപനങ്ങളിൽ എത്തിയെന്ന് കണ്ടെത്തിയതോടെയാണ് കൊല്ലപ്പള്ളി മുതൽ ഏഴാച്ചേരി വരെയുള്ള ഭാഗത്തെ ചില വ്യാപാരസ്ഥാപനങ്ങൾ അടയ്ക്കാൻ ആരോഗ്യവകുപ്പ് അധികൃതർ ഫോണിലൂടെ നിർദ്ദേശം നൽകിയത്.

എന്നാൽ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട ചില സ്ഥാപനങ്ങളെ അടപ്പിക്കലിൽ നിന്നും ഒഴിവാക്കിയെന്ന ആരോപണവും ഉയർന്നതോടെ വ്യാപാരികളും നാട്ടുകാരും പ്രതിഷേധം അറിയിക്കുകയായിരുന്നു.

അടപ്പിച്ച കടകളിൽ നേരിട്ട് എത്താതിരുന്ന ആരോഗ്യവകുപ്പ് അധികൃതർ അണുനശീകരണം ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. ഇക്കാര്യങ്ങൾ രാമപുരത്തെ ആരോഗ്യപ്രവർത്തകരെ പലതവണ അറിയിച്ചിട്ടും ഇവരും നേരിട്ട് എത്താൻ തയ്യാറായിട്ടില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

അണുവിമുക്തമാക്കി കടകൾ തുറന്ന് പ്രവർത്തിക്കണമെങ്കിൽ പ്രാദേശിക ചുമതലയുള്ള രാമപുരത്തെ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തണം. ഇത് ഉണ്ടായിട്ടില്ല. കൂടാതെ സമ്പർക്കപട്ടികയിൽ ഉൾപെട്ട ചില കടകൾ അടപ്പിക്കാനും അധികൃതർ തയാറാകുന്നില്ലെന്ന ഗുരുതരമായ ആരോപണങ്ങളാണ് വ്യാപാരികളും നാട്ടുകാരും ഉയർത്തുന്നത്. ഇക്കാര്യങ്ങൾ ജനപ്രതിനിധികൾ ഇന്നലെ ആരോഗ്യവകുപ്പിന്റെ ഉന്നത അധികാരികളെ വിളിച്ചറിയിച്ചു. കോട്ടയം ഡിഎംഒയ്ക്ക് പരാതി നൽകാനുള്ള തയാറെടുപ്പിലാണ് മേഖലയിലെ വ്യാപാരികൾ.

അതേസമയം ഫോണിലൂടെയാണ് കടകൾ അടപ്പിക്കുന്നത് സംബന്ധിച്ച അറിയിപ്പ് നൽകിയതെന്ന് രാമപുരത്തെ ആരോഗ്യകുപ്പ് അധികൃതർ സമ്മതിച്ചു. ഓട്ടോ ഡ്രൈവർമാരുടെ സമ്പർക്കപട്ടിക വിപുലമായതിനാൽ ഇത് തയാറാക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. അതാണ് ചില കടകൾ ഒഴിവാക്കാൻ കാരണമെന്നും പട്ടികപൂർത്തിയായാൽ യഥാസമയം തുടർനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

 അണുവിമുക്തമാക്കും

അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു.

രണ്ട് ഓട്ടോ ഡ്രൈവർമാരുടെ സമ്പർക്കപട്ടിക പൂർത്തിയാക്കുന്നതിൽ കാലതാമസം വന്നതിനെ തുടർന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികാരികൾ രാമപുരത്തെ ആരോഗ്യപ്രവർത്തകരോട് വിശദീകരണം തേടിയതായും സൂചനയുണ്ട്. അതേസമയം സമ്പർക്കപട്ടിക പൂർത്തീകരിക്കാത്തത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്. പ്രവിത്താനത്ത് വ്യാപാര സംഘടനകളുടെ നേതൃത്വത്തിൽ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനസമയം സംബന്ധിച്ച് നിയന്ത്രണം കൊണ്ടുവന്നിരുന്നു.