jos-k-mani

കോട്ടയം: ഇടതു മുന്നണി സർക്കാരിലും സ്പീക്കറിലും അവിശ്വാസം രേഖപ്പെടുത്തി യു.ഡി.എഫ് നൽകിയ പ്രമേയത്തിൽ ,നിയമസഭയിലെ ചർച്ചയിൽ നിന്നു വിട്ടു നിൽക്കണമെന്ന നിലപാടിലേക്ക് ജോസ് വിഭാഗം .

കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ഈ അഭിപ്രായമാണുയർന്നത്.എന്തു നിലപാട് സ്വീകരിക്കുന്നതിനും എം.പിമാരും എം.എൽ.എമാരുമടങ്ങുന്ന നാലംഗ സമിതി ജോസ് കെ.മാണിയെ ചുമതലപ്പെടുത്തി..സഭയിൽ വിപ്പെന്ന ഓലപാമ്പ് കാട്ടി വിരട്ടാൻ നോക്കുന്ന ജോസഫിനെ ഭയക്കുന്നില്ലെന്നും ജോസ് വിഭാഗം ഉന്നത നേതാവ് പറഞ്ഞു.

ജോസ് വിഭാഗം അവിശ്വാസത്തിനെതിരെ വോട്ട് ചെയ്താലും വിട്ടു നിന്നാലും വിപ്പ് ലംഘനത്തിന് നടപടിയെടുക്കുമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു . പിളർപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടില്ല. അവർക്ക് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യേണ്ടി വരും. അല്ലെങ്കിൽ എം.എൽഎ സ്ഥാനം നഷ്ടപ്പെടും

അതേ സമയം,നിയമസഭാ കക്ഷി നേതാവായി പി.ജെ.ജോസഫിനെ തിരഞ്ഞെടുത്തത് ചോദ്യം ചെയ്തു സ്പീക്കർക്ക് ജോസ് വിഭാഗം നൽകിയ പരാതിയിലും, ചിഹ്നവും വിപ്പും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിലും തീർപ്പാകാത്ത സാഹചര്യത്തിൽ സഭയിൽ നിന്ന് വിട്ടു നിൽക്കുന്നത് പ്രശ്നമാകില്ലെന്ന നിയമോപദേശമാണ് ലഭിച്ചത്. വിപ്പ് ലംഘനത്തിന് നടപടി വന്നാൽ അപ്പോൾ നോക്കാമെന്നാണ് ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞത്. യു.ഡി.എഫിൽ നിന്ന് പുറത്താക്കിയെങ്കിലും രണ്ട് എം.പി മാരുള്ള ജോസ് വിഭാഗം ഇപ്പോഴും യു.പി.എ ഘടകകക്ഷിയാണ്. പ്രമേയത്തെ പിന്തുണച്ചാൽ സ്വതന്ത്ര നിലപാടിൽ നിൽക്കുന്ന ജോസ് വിഭാഗത്തിന്റെ കരണം മറിച്ചിലായി വ്യാഖ്യാനിക്കും.ഇടത് അനുകൂല നിലപാട് സ്വീകരിച്ചാൽ യു.ഡി.എഫിന് ക്ഷീണമാകും. സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളിപ്പറയാത്ത നിലപാടാണ് ജോസ് കെ. മാണിയുടേത്.