പാലാ : നഗരത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തി പാലായുടെ ആകാശത്ത് പെട്ടെന്നൊരു ഹെലികോപ്റ്റർ.
ഇന്നലെ രാവിലെ 11 മണിയോടെയാണ് അരമണിക്കൂറിലേറെ നേരം ഹെലികോപ്റ്റർ വട്ടമിട്ട് പറന്നത്. വട്ടത്തിലും നേർരേഖയിലും വലിയ ശബ്ദത്തോടെ ഹെലികോപ്റ്റർ പറന്നതോടെ നാട്ടുകാർ ഒരേസമയം കൗതുകത്തോടെയും ആശങ്കയോടെയും വഴിയോരങ്ങളിലും ടെറസുകളിലും വീട്ടുമുറ്റത്തും കാണികളായി നിന്നു ഫോണിലും മറ്റും ദൃശ്യങ്ങൾ പകർത്തി.
കൊവിഡിന്റെ പശ്ചാത്തലത്തിൽ പലകോണിൽ നിന്നും സംശയങ്ങളും ഊഹാപോഹങ്ങളും ഉയർന്നു. ഇതോടെ പൊലീസ് സ്‌റ്റേഷനിലേക്കും റവന്യൂ ഉദ്യോഗസ്ഥർക്കും മാധ്യമസ്ഥാപനങ്ങളിലേക്കും നിലയ്ക്കാത്ത ഫോൺ വിളികളായി. കാര്യമറിയാതെ ഉദ്യോഗസ്ഥരും വിഷമിച്ചു. പൊലീസും അധികൃതരും കാര്യമറിയാൻ ഉന്നകേന്ദ്രങ്ങളിലേക്ക് വിളിച്ചു. അരമണിക്കൂറിന് ശേഷം ഹെലികോപ്റ്റർ എറണാകുളം ഭാഗത്തേക്ക് പോയി മറഞ്ഞു.
പിന്നാലെ പാലാ ഡി.വൈ.എസ്.പി കെ.ബൈജുകുമാറിന്റെ വിശദീകരണമെത്തി; നേവിയുടെ നിത്യേനയുള്ള പരിശീലന പറക്കലിന്റെ ഭാഗമായാണ് ഹെലികോപ്റ്റർ പാലാ ഭാഗത്തെത്തിയത്. ഇതേത്തുടർന്നാണ് വട്ടമിട്ടതും താഴ്ന്ന് പറന്നതും. കൊച്ചിയിലേക്ക് മടങ്ങിയെന്ന് അറിയിച്ചതോടെയാണ് അഭ്യൂഹങ്ങൾക്കും ആശങ്കയ്ക്കും വിരാമമായി.