റോഡ് മുറിച്ചുകടക്കുന്നവർ സൂക്ഷിക്കുക

പൊൻകുന്നം:ഏറെത്തിരക്കുള്ള ദേശീയപാതയിൽ പൊൻകുന്നം ബസ് സ്റ്റാൻഡിന് മുൻപിൽ റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ.അപകടം പതിയിരിക്കുന്നതിനാൽ ജിവൻ പണയംവെച്ചാണ് യാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നത്. സീബ്രാലൈൻ ഉള്ളത് പരിഗണിക്കാതെയാണ് ഇവിടെ വാഹനങ്ങൾ കടന്നുപോകുന്നത്. സീബ്രാലൈൻ വ്യക്തമാക്കുന്ന വിധത്തിൽ നേരത്തെ റോഡിന് നടുവിൽ ട്രാഫിക് ബ്ലോക്ക് സ്ഥാപിച്ചിരുന്നു. റോഡിരുവശത്തും തിരക്കുണ്ടെങ്കിൽ നടുവിൽ സുരക്ഷിതമായി നിൽക്കുന്നതിന് ഇത് സഹായകമായിരുന്നു. അടുത്തിടെ ഇവ വാഹനങ്ങളിടിച്ച് തകർന്നു. ഇതോടെ വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് സീബ്രാലൈൻ വ്യക്തമാകുന്നത്. ഇത് അപകടസാധ്യത വർദ്ധിപ്പിക്കുകയാണ്.

അടയാളമില്ല, അപകടമാണ്

സീബ്രാലൈനിന് മുൻപ് റോഡിൽ അടയാളം രേഖപ്പെടുത്തിയിട്ടില്ല. പകരം ട്രാഫിക് ബ്ലോക്ക് സ്ഥാപിച്ചില്ലെങ്കിൽ കാൽനടയാത്രക്കാരുടെ യാത്ര സുരക്ഷിതമാകില്ല.അതേസമയം വാഹനമിടിച്ചു തകർന്ന ട്രാഫിക് ബ്ലോക്ക് ഉടൻ പുനസ്ഥാപിക്കുമെന്ന് പൊൻകുന്നം പൊലീസ് അറിയിച്ചു.