പാലാ: പിതൃതർപ്പണത്തിന് ഏറെ പ്രാധാന്യം കൽപിക്കുന്ന കർക്കടകവാവ് ദിവസമായ ഇന്നലെ പ്രധാന സ്‌നാന ഘട്ടങ്ങളും പുണ്യതീർത്ഥങ്ങളും ഒഴിഞ്ഞുകിടന്നു. പിതൃതർപ്പണ ചടങ്ങുകൾ കുടുംബാംഗങ്ങൾ വീടുകളിൽ നടത്തി. കൊവിഡ് 19 രോഗവ്യാപനം സങ്കീർണമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂട്ടമായെത്തുന്നത് ഒഴിവാക്കുന്നതിന് ബലിയിടൽ ഒഴിവാക്കിയതായി വിവിധ ക്ഷേത്രം ഭാരവാഹികൾ അറിയിച്ചിരുന്നു. ഈ വർഷം മിക്ക കുടുംബാംഗങ്ങളും വീടുകളിൽ ആചാര്യന്മാരെ വരുത്തിയാണ് വാവുബലിയിട്ടത്.വീടുകളിൽ ബലിയിടുന്നതിന് വേണ്ട ഒരുക്കങ്ങളും നിർദ്ദേശങ്ങളും സംബന്ധിച്ച് വിവരങ്ങൾ ചില ആചാര്യന്മാർ ഓൺലൈനിൽ നൽകിയിരുന്നു.അതിനെ ആശ്രയിച്ചും ചിലയിടങ്ങളിൽ ബലിയിടൽ നടന്നു.ഇതിനൊന്നും കഴിയാത്ത നിരവധി പേർ പിതൃസ്മരണയിൽ ഒരിക്കൽ(വ്രതം) അനുഷ്ഠിച്ച് നമസ്‌കാരം, തിലഹവനം എന്നിവ നടത്താനും ഇന്നലെ ക്ഷേത്രങ്ങളിലെത്തി.
പിതൃമോക്ഷത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനുമായാണ് വാവ് ബലി ഇടുന്നത്. കർക്കിടക മാസ അമാവാസിയിൽ പിതൃബലിയർപ്പിക്കുന്നതിന് ഹൈന്ദവ സമൂഹം വലിയ പ്രാധാന്യമാണ് നൽകി വരുന്നത്. പിതൃക്കൾ മരിച്ച നാളിൽ ആണ്ടു ബലിയിടുന്ന പതിവുണ്ട്. കർക്കിടകവാവ് ബലിയർപ്പിക്കുന്നത് പൂർവ്വികർ ഉൾപ്പടെ 21 തലമുറയിലെ പിതൃക്കൾക്കാണ് എന്ന പ്രത്യേകതയുമുണ്ട്.