വൈക്കം: കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ വൈക്കത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ കൗൺസിൽ ആവശ്യപ്പെട്ടു. നഗരപ്രദേശത്തും വെച്ചൂർ, തലയാഴം, ടിവിപുരം, ഉദയനാപുരം, മറവന്തുരുത്ത്, തലയോലപ്പറമ്പ് തുടങ്ങിയ പഞ്ചായത്തുകളിലുമെല്ലാം കൊവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു. താലൂക്ക് ആശുപത്രി ജീവനക്കാരിയുടേതടക്കം പലരുടേയും ഉറവിടം വ്യക്തമല്ലാത്തത് സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. രോഗം സ്ഥിരീകരിച്ച ചിലർക്കെങ്കിലും വിപുലമായ സമ്പർക്കവുമുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ച് വൈക്കത്ത് ലോക്ക് ഡൗൺ അടക്കമുള്ള കർശന പ്രതിരോധനടപടികൾ സ്വീകരിക്കണം. നഗരത്തിൽ നിയന്ത്രണം കർശനമാക്കിയാൽ ഗ്രാമപ്രദേശങ്ങൾക്കും അത് താനെ ബാധകമാകും. ഒരോ പ്രദേശത്തും രോഗവ്യാപനം തടയാൻ അതത് പ്രദേശത്തെ ഭരണാധികാരികൾക്കാണ് കഴിയുക. വൈക്കം നഗരത്തിൽ അടിയന്തിരമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷും സെക്രട്ടറി എം.പി.സെന്നും അധികൃതരോട് ആവശ്യപ്പെട്ടു.