കുമരകം : ആലപ്പുഴയിൽ നിന്ന് വള്ളത്തിൽ വേമ്പനാട്ട് കായലിൽ ചൂണ്ടയിടാനെത്തിയ യുവാവിനെ വള്ളം മുങ്ങി കാണാതായി. ഇയാൾക്കൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. കണ്ണങ്കര തകടി വെളിയിൽ സുജിത്ത് (25) നെയാണ് കാണാതായത്. അരുൺ പ്രസാദ്, ബിബിൻ, ഷാജു, എന്നിവരെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് മൂന്നോടെ ചീപ്പുങ്കൽ പടിഞ്ഞാറ് പുത്തൻകായൽ ജെട്ടിയ്ക്ക് സമീപമാണ് അപകടം. ചൂണ്ട ഇട്ടശേഷം തിരികെ മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച വള്ളം കാറ്റിലും കോളിലും പെട്ട് മുങ്ങുകയായിരുന്നു. അപകടമുണ്ടായ ഉടൻ പുത്തൻകായൽ നിവാസികളായ ഷാജിയും മകൻ പ്രജിത്തും ,അനിയും ചേർന്നാണ് വള്ളത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. കാണാതായ യുവാവിനായി കുമരകം പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്.