വൈക്കം: കൊവിഡിനെ പ്രതിരോധിക്കാൻ കൈകോർത്ത് വൈക്കം. ഇന്നലെ വൈക്കത്തിന് ആശ്വാസത്തിന്റെ ദിവസം, ഒപ്പം കരുതലിന്റേയും. വൈക്കം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ നഗരസഭ അതിർത്തിയിൽ കോവിഡ് സ്ഥിരീകരിച്ച താലൂക്ക് ആശുപത്രിയിലെ പാചക തൊഴിലാളിയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. ഇവിടെയെല്ലാം ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്നലെ വൈക്കത്തിന് ആശ്വാസത്തിന്റെ ദിനം തന്നെയായിരുന്നു. നഗരത്തിന്റെ മുക്കിലും മൂലയിലും ആരോഗ്യ വകുപ്പ് അധികാരികളുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. നഗരസഭയിലെ വൈപ്പിൻപടിയിൽ കൊവിഡ് സ്ഥിരീകരിച്ച കൂട്ടുമ്മയിൽ ബേക്കറി നടത്തുന്നയാളുടെ സമ്പർക്കത്തിൽപെട്ട നിരവധിയാളുകളുടെ പരിശോധനാഫലങ്ങൾ ഇന്നലെ നെഗറ്റീവ് ആയിരുന്നു. എഴുപുന്ന മത്സ്യസംസ്‌കരണ കേന്ദ്രത്തിലെ ജോലിക്കാരനായ നേരേകടവ് സ്വദേശിയായ യുവാവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലെ നിരവധിയാളുകളുടെയും പരിശോധനാഫലങ്ങൾ ആശ്വാസകരമാണ്. സമ്പർക്കത്തിലൂടെ രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന ടി.വി പുരം പഞ്ചായത്തിലെ ചെമ്മനത്തുകര, മറവൻതുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം, ഉദയനാപുരം പഞ്ചായത്തിലെ നേരേകടവ് എന്നിവിടങ്ങളിലെല്ലാം വരുന്ന ഫലങ്ങൾ നെഗറ്റീവ് ആകുന്നത് നാടിന് ആശ്വാസകരമാണ്. കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച താലൂക്ക് ആശുപത്രിയിലെ ഫാർമസിസ്റ്റിന്റെയും പാചക തൊഴിലാളിയായ സ്ത്രീയുടെയും സമ്പർക്ക പട്ടികയിലെ ഫലങ്ങളാണ് കരുതലിനിടയിലും അൽപം ആശങ്ക സൃഷ്ടിക്കുന്നത്. ഇതിനെയെല്ലാം പ്രതിരോധിക്കാൻ നഗരസഭയും പൊലീസും ആരോഗ്യവകുപ്പുമെല്ലാം ആത്മാർത്ഥമായ നിലപാടുകളോടെയാണ് മുന്നോട്ടുപോകുന്നത്. അതേസമയം വൈക്കത്തിന്റെ എല്ലാ പഞ്ചായത്തിലും കൊവിഡ് സ്ഥിരീകരിക്കുകയും ഉറവിടമറിയാത്ത കേസുകൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.