കോട്ടയം: അത്യാവശ്യം നാലഞ്ചെണ്ണം വീശുന്ന പ്രവാസി. നാട്ടിലെത്തിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. വീട്ടിൽപ്പോവാതെ അതിരമ്പുഴയിലെ ക്വാറന്റെയിൻ കേന്ദ്രത്തിലായി. നല്ല കാറ്റും തണുപ്പും നാടിന്റെ മണവുമൊക്കെയായപ്പോൾ നൊസ്റ്റാൾജിയ ഇരച്ചങ്ങു കേറി. കൊവിഡാണ് പുത്തിറങ്ങരുതെന്നൊക്കെ പലതവണ മനസിനെ പറഞ്ഞു പഠിപ്പിച്ചു. പക്ഷേ, വേലിചാടാൻ വെമ്പിയ മനസിനൊപ്പം ശരീരവും കട്ടയ്ക്ക് നിന്നപ്പോൾ ചെന്നെത്തിയത് കള്ളുകുപ്പിക്കു മുന്നിൽ.
കഴിഞ്ഞദിവസം ക്വാറന്റെയിൻ കേന്ദ്രത്തിൽ നിന്ന് മുങ്ങിയ പ്രവാസി ഒപ്പിച്ച പണികളാണ് പൊട്ടിച്ചിരിക്ക് വകയൊരുക്കിയത്. കൈയിൽ കിട്ടിയ കാശുമായി പ്രവാസി ഓട്ടോയിൽ മണർകാടെത്തി. അവിടെ നിന്നും കള്ളും ഭക്ഷണവും കഴിച്ചു. നോക്കുന്നതെല്ലാം ഡബിളാണെന്ന് തോന്നിയതോടെ കാശും കൊടുത്ത് റോഡിലിറങ്ങി. ആകെയുള്ള 40 രൂപയുമായി അതുവഴി പോയ ഓട്ടോക്കാരനെ കൈകാട്ടി നിറുത്തി. ബാക്കി പണം വീട്ടിൽ ചെന്നിട്ട് നൽകാമെന്ന് പറഞ്ഞെങ്കിലും ഡ്രൈവർ സമ്മതിച്ചില്ല. കള്ളിന്റെ ലഹരിയിൽ ക്വാറന്റെയിൻ കഥ പറഞ്ഞു. ഓട്ടോ ഡ്രൈവർ യുവാവിനെ അനുനയിപ്പിച്ച് കയറ്റി നേരെ പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. മദ്യപിച്ച് ബഹളം വച്ചതിന് ഓട്ടോ ഡ്രൈവർ പണികൊടുത്തെന്നാണ് അപ്പോഴും കരുതിയത്. പത്ത് മിനിറ്റിന് ശേഷം നിലവിളി ശബ്ദമിട്ട് ആംബുലൻസിൽ ആരോഗ്യ പ്രവർത്തകർ സ്റ്റേഷനിൽ ഹാജർ. മര്യാദരാമനായി ആംബുലൻസിൽ കയറിയ യുവാവ് ഓട്ടോ ഡ്രൈവറോട് ഒരു ഡയലോഗും, നന്ദിയുണ്ട് അളിയാ നന്ദി!