കാഞ്ഞിരപ്പള്ളി:കൊവിഡ് രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ കർശനമാക്കാൻ വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചു. കാഞ്ഞിരപ്പള്ളി മേഖലയിൽ രോഗം നിയന്ത്രണവിധേയമാക്കുകയാണ് ലക്ഷ്യം. ഇതിനായി ആരോഗ്യവകുപ്പിന്റേയും പഞ്ചായത്തിന്റേയും പൊലീസിന്റേയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഡെപ്യുട്ടി ഡി.എം.ഒ ഡോ.രാജൻ അറിയിച്ചു.കണ്ടെയ്ൻമെന്റ് സോണിലുള്ളവർ നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും.
നിയന്ത്രണമുള്ള മേഖലകളിൽ ജനങ്ങൾക്കാവശ്യമായ സഹായം എത്തിക്കുന്നതിനായി ജാഗ്രതാസമിതി പ്രവർത്തകരുണ്ട്.പലവ്യഞ്ജനങ്ങൾ പഴം പച്ചക്കറികൾ തുടങ്ങിയവ എത്തിക്കാൻ നടപടി സ്വീകരിച്ചെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.കാഞ്ഞിരപ്പള്ളിയിൽ ഒരു വാർഡും പാറത്തോട് പഞ്ചായത്തിൽ മൂന്നുവാർഡുകളുമാണ് കണ്ടെയ്ൻമെന്റ് സോണുകൾ. 50ലേറെ പൊലീസുകാരാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്.ഇവർക്കാവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കുന്നില്ലെന്ന ആക്ഷേപമാണുയരുന്നത്.ഡ്യൂട്ടിസമയത്ത് ധരിക്കാനുള്ള മാസ്‌ക്കുപോലും സ്വന്തം പണം മുടക്കിയാണ് ഉദ്യോഗസ്ഥർ വാങ്ങുന്നത്.കണ്ടെയ്ൻമെന്റ് സോണുകളിൽ ജോലി ചെയ്യുന്നവർക്ക് പി.പി.ഇ കിറ്റും ഗ്ലൗസും നൽകി സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. മാസ്‌ക്ക് ധരിക്കുക സാമൂഹിക അകലം പാലിക്കുക,വ്യക്തിശുചിത്വം തുടങ്ങിയ കാര്യങ്ങൾ ഓർമ്മപ്പെടുത്തിക്കൊണ്ട് വാഹനത്തിലൂടെയുള്ള അനൗൺസ്‌മെന്റ് ഉൾപ്പെടെയുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.