കോട്ടയം : മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളിയുമായി ബന്ധപ്പെട്ട് പൊലീസിനെ ഒറ്റിയ മണർകാട് എസ്.എച്ച്.ഒ രതീഷ് കുമാറിനെതിരെ നടപടി ഉറപ്പായി. കാഞ്ഞിരപ്പള്ളി, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിമാർ നടത്തിയ അന്വേഷണത്തിലാണ് സി.ഐയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. ചീട്ടുകളി സംബന്ധിച്ചുള്ള അന്വേഷണത്തിൽ നിന്നും സി.ഐയെ മാറ്റി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയ്ക്കാണ് ഇനി അന്വേഷണ ചുമതല.
കഴിഞ്ഞ 11 നാണ് ക്ലബിൽ റെയിഡ് നടത്തിയ പൊലീസ് സംഘം 18 ലക്ഷം രൂപ പിടിച്ചെടുത്തത്. ക്ലബ് സെക്രട്ടറി മാലം സുരേഷ് അടക്കമുള്ളവരെ പൊലീസ് പ്രതിയാക്കിയിരുന്നു. ഇതിന് പിന്നാലെ മാലം സുരേഷ് പൊലീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ രതീഷ്‌കുമാറിനെ ഫോണിൽ വിളിച്ച സുരേഷ്, ഇരുവരും തമ്മിലുള്ള സംഭാഷണം റെക്കാഡ് ചെയ്ത് പുറത്തുവിട്ടത്. പൊലീസിനെ മുഴുവനും, പാമ്പാടി സി.ഐയെ പ്രത്യേകിച്ചും കുറ്റപ്പെടുത്തുന്നതായിരുന്നു രതീഷ്‌കുമാറിന്റെ ഫോൺ സന്ദേശം. തുടർന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിനെയും, രഹസ്യാന്വേഷണ വിഭാഗം ഡിവൈ.എസ്.പി അനീഷ് വി.കോരയെയും അന്വേഷണത്തിന് ചുമതലപ്പെടുത്തി. സി.ഐയ്ക്ക് വീഴ്ച സംബന്ധിച്ചതായാണ് റിപ്പോർട്ട്. സി.ഐയ്‌ക്കെതിരെ നടപടി നിർദ്ദേശിച്ച് കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറിന് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.