അടിമാലി: പീച്ചാട് പ്ലാമല ഭാഗത്ത് ഭൂമി ഒഴിപ്പിക്കലുമായി വനംവകുപ്പ്.അടിമാലി റെയിഞ്ചോഫീസിന്റെ പരിധിയിൽ വരുന്ന പീച്ചാട് പ്ലാമല ഭാഗത്തായിരുന്നു വനംവകുപ്പ് ഭൂമി ഒഴിപ്പിക്കൽ നടത്തിയത്.ഇവിടെ കൃഷിയിറക്കിയിരുന്ന ഏലച്ചെടികൾ വനംവകുപ്പുദ്യോഗസ്ഥർ നശിപ്പിച്ചു.മലയാറ്റൂർ റിസർവ്വിൽ പുതിയതായി നടന്നിട്ടുള്ള കൈവശപ്പെടുത്തൽ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴുണ്ടായിട്ടുള്ള നടപടിയെന്ന് മൂന്നാർ ഡി എഫ് ഒ എം വി ജി കണ്ണൻ പറഞ്ഞു.അതേ സമയം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് കർഷകർ പറയുന്നു.മുമ്പും ഇത്തരം നടപടികൾ വനംവകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതായി കർഷകർ ആരോപിച്ചു.രാവിലെ പത്ത് മണിയോടെയായിരുന്നു മൂന്നാർ ഡി എഫ് ഒ എം വി ജി കണ്ണൻ,അടിമാലി റെയിഞ്ചോഫീസർ ജോജി ജോൺ,മൂന്നാർ റെയിഞ്ചോഫീസർ ഹരീന്ദ്രകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം നടപടി ക്രമങ്ങൾക്കായി പ്ലാമല ഭാഗത്തെത്തിയത്.ഏലച്ചെടികൾ നശിപ്പിച്ച് തുടങ്ങിയതോടെ പ്രതിഷേധവുമായി കർഷകരും രംഗത്തെത്തി.പത്തേക്കറോളം വരുന്ന ഭൂമിയിൽ ഒഴിപ്പിക്കൽ നടപടികൾ പൂർത്തീകരിക്കാനാകുമെന്ന് കരുതുന്നതായി വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചു.