jose

കോട്ടയം: ഇടതു മുന്നണി സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ച 27ന് നടക്കാനിരിക്കേ കേരളകോൺഗ്രസ് ജോസ് വിഭാഗത്തിൽ ആശയക്കുഴപ്പമേറി. ഇടതു സർക്കാരിലും സ്പീക്കറിലും അവിശ്വാസം രേഖപ്പെടുത്തി യു.ഡി.എഫ് നൽകിയ പ്രമേയ ചർച്ചയിൽ നിന്നു വിട്ടു നിൽക്കണമെന്ന നിലപാടിലേക്ക് ജോസ് കെ മാണി , തോമസ് ചാഴികാടൻ, റോഷി അഗസ്റ്റിൻ , എൻ.ജയരാജ് എന്നിവരടങ്ങിയ പാർലമെന്ററി പാർട്ടി യോഗം എത്തിയെങ്കിലും ഇനിയും ദിവസമുള്ളതിനാൽ 25നുള്ളിൽ യോഗം ചേർന്ന് അന്തിമ നിലപാട് എടുക്കാനായിരുന്നു തീരുമാനം.

'' ജോസ് വിഭാഗം അവിശ്വാസത്തിനെതിരെ വോട്ട് ചെയ്താലും വിട്ടു നിന്നാലും വിപ്പ് ലംഘനത്തിന് നടപടിയെടുക്കുമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് കേരളകൗമുദി ഫ്ലാഷിനോട് പറഞ്ഞു . ജോസ് പിളർന്നു മാറിയെന്ന് പ്രചരിക്കുമ്പോഴും പിളർപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടില്ല. വർക്കിംഗ് ചെയർമാനെന്ന നിലയിൽ ഞാൻ നൽകുന്ന വിപ്പ് അംഗീകരിച്ച് അവർക്ക് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യേണ്ടിവരും. അല്ലെങ്കിൽ കൂറുമാറ്റ നിരോധന നിയമത്തിൽ കുടുങ്ങി എം.എൽഎ സ്ഥാനം നഷ്ടപ്പെടും'' ജോസഫ് വ്യക്തമാക്കി.

അതേസമയം, യു.ഡി.എഫിൽ നിന്നു പുറത്താക്കിയ തങ്ങൾക്ക് എങ്ങനെ വിപ്പ് ബാധകമാകുമെന്നാണ് ജോസ് വിഭാഗത്തിന്റെ ചോദ്യം. ജോസഫ്, ചിഹ്നം നൽകുന്നത് കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷൻ വിലക്കിയെന്ന് ജോസ് വിഭാഗം പ്രചരിപ്പിക്കുമ്പോൾ അയർകുന്നം ഉപതിരഞ്ഞെടുപ്പിൽ താൻ രണ്ടില ചിഹ്നം നൽകിയത് ചോദ്യം ചെയ്തുള്ള ജോസ് വിഭാഗം ഹർജി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിധി പറയാൻ മാറ്റി. അല്ലാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്റ്റേയില്ലെന്ന് ജോസഫ് പറയുന്നു.

പിളരും മുമ്പ് റോഷി അഗസ്റ്റിൻ ആയിരുന്നു പാർട്ടി വിപ്പ്. പിളർന്നതോടെ ജോസഫ് വിഭാഗം മോൻസ് ജോസഫിനെ വിപ്പായി നിർദ്ദേശിച്ചു. ഇത് സ്പീക്കറും തങ്ങളും അംഗീകരിച്ചിട്ടില്ലെന്ന് ജോസ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. ജോസഫിനെ കക്ഷി നേതാവായി തിരഞ്ഞെടുത്തതും ചിഹ്നവും വിപ്പും സംബന്ധിച്ച പരാതിയും തിരഞ്ഞെടുപ്പ്കമ്മീഷൻ തീർപ്പാകാത്ത സാഹചര്യത്തിൽ അവിശ്വാസത്തിൽ നിന്നു വിട്ടു നിൽക്കുന്നത് പ്രശ്നമാകില്ലെന്ന് ജോസ് വിഭാഗം വാദം. യു.ഡി.എഫിൽ നിന്ന് പുറത്താക്കിയെങ്കിലും രണ്ട് എം.പി മാരുള്ള ജോസ് വിഭാഗം ഇപ്പോഴും യു.പി.എ ഘടകകക്ഷിയാണ്. ഇതും ആശയകുഴപ്പം വർദ്ധിപ്പിക്കുന്നു.