antigen

ചങ്ങനാശേരിയിൽ സ്ഥിതി അതീവഗുരുതരം

ചങ്ങനാശേരി: മൂന്ന് ദിവസങ്ങൾക്കിടെ 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചങ്ങനാശേരിയിൽ സ്ഥിതി രൂക്ഷമായി. ഇതോടെ മേഖലയിൽ നിയന്ത്രണങ്ങളും പരിശോധനകളും കർക്കശമാക്കി. കഴിഞ്ഞ ശനിയാഴ്ച്ച മത്സ്യമാർക്കറ്റിലെ ഒരു തൊഴിലാളിക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പർക്കം പുലർത്തിയവർക്കും മാർക്കറ്റിലെ വ്യാപാരികൾക്കുമായി നടത്തിയ ആന്റിജൻ പരിശോധനയിലാണ് കൂടുതൽ രോഗബാധിതരെ കണ്ടെത്തിയത്. ഇവരെ വിവിധ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആദ്യ ദിവസം 4 പേർക്കും, രണ്ടാം ദിവസത്തെ പരിശോധനയിൽ 20 പേർക്കും മൂന്നാം ദിവസത്തെ പരിശോധനയിൽ 16 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. മാർക്കറ്റിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന നഗരസഭാ,പായിപ്പാട്,വാഴപ്പള്ളി പഞ്ചായത്തുകളുടെ പരിധിയിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മാർക്കറ്റിലും നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലും വരും ദിവസങ്ങളിലും ആന്റിജൻ പരിശോധന നടക്കും. മാർക്കറ്റിൽ കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ആരോഗ്യ പ്രവർത്തകരുടെയും ,ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ മാർക്കറ്റിലെത്തി സ്ഥിതി വിലയിരുത്തുകയും കൊവിഡ് പ്രതിരോധത്തിന് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം നഗരസഭ ചെയർമാൻ മാർക്കറ്റിലെ വ്യാപാരികളുടെയും ,തൊഴിലാളികളുടെയും യോഗം നഗരസഭയിൽ ചെയർമാന്റെ ചേംബറിൽ വിളിച്ചു ചേർത്തത് ജീവനക്കാരുടെയും മറ്റു ജനപ്രതിനിധികളുടെയും പ്രതിഷേധത്തിന് കാരണമായിരുന്നു.