കോട്ടയം : കൊവിഡ‌് സ്ഥിതി അതീവഗുരുതരമായ ഏറ്റുമാനൂരിലെയും, ചങ്ങനാശേരിയിലെയും മാർക്കറ്റുകൾ അടച്ചതോടെ അവശ്യസാധനങ്ങളുടെ ദൗർലഭ്യം രൂക്ഷമാകുമെന്ന് ആശങ്ക. ഏറ്റുമാനൂർ മാർക്കറ്റിൽ നിന്നാണ് അതിരമ്പുഴ, ആർപ്പൂക്കര, നീണ്ടൂർ, കൈപ്പുഴ, കല്ലറ വരെയുള്ള പ്രദേശങ്ങളിലും, കിടങ്ങൂർ, കുറവിലങ്ങാട്, കടുത്തുരുത്തി ഭാഗങ്ങളിലേയ്‌ക്കും അവശ്യ സാധനങ്ങൾ എത്തിച്ചിരുന്നത്. ചങ്ങനാശേരി മാർക്കറ്റിലും സമാന സ്ഥിതി തന്നെയാണ്. കറുകച്ചാലിലും, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തി മേഖലകളിലും അവശ്യ സാധനങ്ങൾ എത്തിച്ചിരുന്നത് ഇവിടെ നിന്നാണ്. ഇതോടെ മറ്റു മാർക്കറ്റുകളിൽ തിരക്കേറാണ് സാദ്ധ്യത. ഈ സാഹചര്യത്തിൽ ജാഗ്രത വർദ്ധിപ്പിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.