പാലാ: ജില്ലാ ആരോഗ്യവിഭാഗം ഇടപെട്ടതോടെ രാമപുരത്തെ ആരോഗ്യവിഭാഗം പ്രവർത്തകർ ഇന്നലെ ഏഴാച്ചേരി, കൊല്ലപ്പള്ളി മേഖലകളിലെ മുഴുവൻ വ്യാപാരകേന്ദ്രങ്ങളിലുമെത്തി പരിശോധന നടത്തി. ഏഴാച്ചേരി സ്വദേശിയായ പ്രവിത്താനത്തെ ഓട്ടോ ഡ്രൈവർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് രണ്ടാംഘട്ട സമ്പർക്കത്തിൽ ഉൾപ്പെട്ട ചിലർ ഏഴാച്ചേരിയിലെയും കൊല്ലപ്പള്ളിയിലെയും വ്യാപാരസ്ഥാപനങ്ങളിൽ വന്നത് ചൂണ്ടിക്കാട്ടി കടകൾ അടയ്ക്കാൻ രാമപുരത്തെ ആരോഗ്യവിഭാഗം ജീവനക്കാർ സ്ഥലത്ത് എത്താതെ ഫോണിലൂടെ നിർദ്ദേശം നൽകിയത് വിവാദമായിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ജില്ലാ ആരോഗ്യവിഭാഗം അധികാരികളെ പരാതി അറിയിച്ചിരുന്നു. തുടർന്ന് ഡി.എം.ഒ ഓഫീസ് വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയായിരുന്നു. രാമപുരത്തെ ആരോഗ്യപ്രവർത്തകരോട് വിശദീകരണം ചോദിച്ച ജില്ലാ അധികാരികൾ, ഉടൻ ഏഴാച്ചേരി, കൊല്ലപ്പള്ളി മേഖലകളിലെത്തി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.
രാമപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ സുനിൽ, ഏഴാച്ചേരിയിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്‌സ് ഇന്ദു എന്നിവരുൾപ്പെട്ട സംഘം ഇന്നലെ രാവിലെ തന്നെ രോഗബാധിത മേഖലകളിലെത്തി പരിശോധനകൾ നടത്തുകയും മാർഗനിർദ്ദേശം നൽകുകയും ചെയ്തു. രോഗീസമ്പർക്കം ഉണ്ടായതിന്റെ പേരിൽ ഏതാനും ചില കടകൾ അടപ്പിച്ചെങ്കിലും ഇനിയും ചിലത് കൂടി അടപ്പിക്കാനുണ്ടെന്നാണ് ജനപ്രതിനിധികൾ പറയുന്നത്. അടപ്പിച്ച കടകൾ അണുനശീകരണം നടത്തി മാത്രമേ തുറക്കാവൂ എന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.