പാലാ : 'എന്റെ കൈകൾ എന്നും എപ്പോഴും ശുദ്ധമാണ് ' കൈകൾ 'ശാസ്ത്രീയമായ ' രീതിയിൽ കഴുകിക്കൊണ്ട് ജോസ് കെ. മാണി എം.പി ഇത് പറഞ്ഞപ്പോൾ കേട്ടുനിന്നവർ പൊട്ടിച്ചിരിച്ചു; ഒപ്പം എം.പിയും.
സംസ്ഥാന ആരോഗ്യവകുപ്പ് കൊവിഡ് ബോധവത്ക്കരണ പരിശീലന വിഭാഗത്തിന്റെയും രാമപുരം ജനമൈത്രി പൊലീസിന്റെയും സഹകരണത്തോടെ ഏഴാച്ചേരി സ്റ്റോണേജ് നേച്ചർ ആൻഡ് കൾച്ചറൽ ക്ലബിന്റെ നേതൃത്വത്തിൽ ഏഴാച്ചേരിയിൽ നടത്തിയ 'ജനം അറിയണം ഈ ജാഗ്രത ' പരിപാടിയുടെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി.
വൈറസിൽ നിന്നും രക്ഷ തേടാൻ ശാസ്ത്രീയമായ ഏഴ് രീതിയിൽ കൈകൾ ശുദ്ധമാക്കുന്നത് എങ്ങനെയെന്നത് സംബന്ധിച്ച് പ്രമുഖ കൊവിഡ് ബോധവത്ക്കരണ പരിശീലക ഡിനു ജോയിയാണ് ജോസ് കെ. മാണി എം.പിയെ പരിശീലിപ്പിച്ചത്. കൈ കഴുകുന്നതിനിടയിൽ എം.പിയുടെ കൈകൾ ഇപ്പോൾ നന്നായി ശുദ്ധമായി എന്ന് കാണികൾ ഉറക്കെ പറഞ്ഞപ്പോഴാണ് എന്റെ കൈകൾ പണ്ടേ ശുദ്ധമാണെന്ന് ഉരുളക്ക് ഉപ്പേരി പോലെ ജോസ് കെ. മാണി മറുപടി പറഞ്ഞത്. നമ്മുടെ ശീലങ്ങളിൽ മാറ്റം വരുത്തി സ്വയം സുരക്ഷ ഒരുക്കിയാൽ എല്ലാ പ്രതിസന്ധികളെയും മറികടക്കാനാവുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
കൊവിഡ് രോഗലക്ഷണങ്ങൾ, ചികിത്സ, പരിശോധന, രോഗം വരാതിരിക്കാൻ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന സ്വയം പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഡിനു ജോയി ക്ലാസ് നയിച്ചു.
സ്റ്റോണേജ് ക്ലബ് പ്രസിഡന്റ് കെ. അലോഷ്യസ് കണ്ണച്ചാംകുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വി.ജി ചന്ദ്രൻ തേരുംന്താനം, അനിൽകുമാർ അനിൽസദനം, ജോണി പള്ളിയാരടിയിൽ, ബാലകൃഷ്ണൻ നായർ കീപ്പാറ, അപ്പച്ചൻ കൊച്ചുപറമ്പിൽ, അലക്‌സി തെങ്ങുംപള്ളിക്കുന്നേൽ, സോണി ജോണി, ഷൈനി സന്തോഷ്, എം.ഒ. ശ്രീക്കുട്ടൻ, രാമപുരം ജനമൈത്രി പൊലീസ് സി.ആർ.ഒ പ്രശാന്ത് കുമാർ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് മെമ്പർമാർ, ആരോഗ്യപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ആശാ പ്രവർത്തകർ എന്നിവർക്കായാണ് കൊവിഡ് ബോധവത്ക്കരണ ക്ലാസ് നടത്തിയത്. സമ്മേളനത്തിൽ, കഴിഞ്ഞ നാല് മാസത്തിനിടെ നൂറോളം കൊവിഡ് ബോധവത്ക്കരണ ക്ലാസുകൾ നടത്തിയ സംസ്ഥാന പരിശീലക ഡിനു ജോയിയെ ജോസ്.കെ. മാണി എം.പി ആദരിച്ചു. കെ. അലോഷ്യസും വി.ജി. ചന്ദ്രനും അനിൽ കുമാറും ചേർന്ന് ഡിനുവിന് ഉപഹാരം നൽകി.