വൈക്കം : കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിൽ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയൊഴിയാതെ വൈക്കം. മാർക്കറ്റിലെ തൊഴിലാളികൾക്കാണ് കൊവിഡ് പോസിറ്റീവായത്. മത്സ്യമാർക്കറ്റിലെ തിരക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് വരെ മീനുമായി വാഹനങ്ങളെത്തിയിരുന്നതും വലിയ വെല്ലുവിളിയായിരുന്നു. ഇതിനെതുടർന്ന് ഒരാഴ്ചമുമ്പ് മാർക്കറ്റ് അടച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ മാർക്കറ്റിലെ ഇരുപതോളം പേരുടെ സ്രവ പരിശോധന നടത്തിയിരുന്നു. അതിൽ രണ്ടും ഇന്നലെ മാർക്കറ്റിൽ നടന്ന ആന്റിജൻ പരിശോധനയിൽ മൂന്നും ഫലങ്ങളാണ് ഇപ്പോൾ പോസിറ്റീവായിരിക്കുന്നത്. ആദ്യ പരിശോധനാ ഫലം വരാൻ വൈകിയതും കൊവിഡ് പോസിറ്റീവായവർ ഇത്രയും ദിവസം നിരീക്ഷണത്തിലല്ലായിരുന്നു എന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.

ആന്റിജൻ ടെസ്റ്റ് തുടങ്ങി

കോവിലകത്തുംകടവ് മാർക്കറ്റിൽ നഗരസഭയുടെ നേതൃത്വത്തിൽ ആന്റിജൻ ടെസ്റ്റ് തുടങ്ങി. 95 പേർക്കാണ് ഇന്നലെ പരിശോധന നടത്തിയത്. കോട്ടയത്ത് നിന്ന് മൊബൈൽ യൂണിറ്റെത്തിയാണ് ടെസ്റ്റ് നടത്തിയത്.

 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ

നഗരത്തിൽ രണ്ട് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ തുടങ്ങാൻ നഗരസഭ നടപടി തുടങ്ങി. താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമ്മിച്ച കാഷ്വാലിറ്റി, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലാണ് ഒരെണ്ണം. ഇതിന്റെ നിർമ്മാണം അവസാനഘട്ടത്തിലായിരുന്നത് പൂർത്തീകരിച്ചിട്ടുണ്ട്. പുളിഞ്ചുവട്ടിലെ പ്രീമെട്രിക് ഹോസ്റ്റലാണ് മറ്റൊന്ന്. ഇവിടെ 30 ബെഡുകൾക്കുള്ള സൗകര്യമുണ്ട്. കൂടുതൽ ബെഡുകൾ സജ്ജീകരിക്കാവുന്ന കെട്ടിടത്തിന് വേണ്ടിയും നഗരസഭ അന്വേഷണം നടത്തുന്നുണ്ട്.

കൊവിഡ് പടരുന്നത് തടയാൻ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നഗരസഭ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധിതരായവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി മുഴുവൻ പേരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നഗരസഭാ പ്രദേശത്ത് വിവാഹം അടക്കമുള്ള ഒത്തുചേരലുകൾക്ക് കർശന നിയന്ത്രണങ്ങളുണ്ടാകും. നഗരസഭയുടെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഒത്തുചേരലുകളും ചടങ്ങുകളും അനുവദിക്കില്ല.

ബിജു.വി.കണ്ണേഴത്ത് (നഗരസഭ ചെയർമാൻ)