salim

മൂലമറ്റം : തടിവ്യാപാരിയോട് കൈക്കൂലി വാങ്ങുന്നതിനിടയിൽ മൂലമറ്റം സെക്ഷനിലെ ഫോറസ്റ്റർ എ.എം സലിം (53) നെ വിജിലൻസ് സംഘം പിടികൂടി. നാടുകാണി സ്വദേശിയായ വ്യാപാരിയോട് പാഴ്‌ത്തടി കുരുതിക്കളം ചെക്‌പോസ്റ്റ് കടത്തി വിടുന്നതിന് 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. രേഖാമൂലം കൊണ്ടുവരുന്ന തടിയായതിനാൽ കൈക്കൂലി നൽകാൻ വ്യാപാരി വിസമ്മതിച്ചു. ഇത് സംബന്ധിച്ച് വ്യാപാരി കോട്ടയം വിജിലൻസ് എസ്.പി വി.ജി.വിനോദ്കുമാറിന് പരാതി നൽകി. തുടർന്ന് വിജിലൻസ് കൊടുത്ത നോട്ട് വ്യാപാരി ഇന്നലെ ഫോറസ്റ്റർക്ക് കൈമാറുന്നതിനിടെയാണ് പിടികൂടിയത്. ഇയാളുടെ വീട്ടിലും പരിശോധന നടത്തി. പ്രതിയെ ഇന്ന് മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് ഡിവൈ.എസ്.പി വി.ആർ.രവികുമാർ, സി.ഐ മാരായ റിജോ പി.ജോസഫ്, കെ.എൻ.രാജേഷ്, എം.കെ.പ്രശാന്ത് കുമാർ, എസ്‌ഐ മാരായ സ്റ്റാൻലി തോമസ്, തുളസീധര കുറുപ്പ്, വിൻസെന്റ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.