പാലാ: ആംബുലൻസ് വാൻ റോഡരുകിലെ കൈത്തോട്ടിലേയ്ക്ക് മറിഞ്ഞ് രോഗി ഉൾപ്പടെ മൂന്നു പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12ന് ചേർപ്പുങ്കൽ കൊഴുവനാൽ റോഡിൽ മെഡിസിറ്റി ആശുപത്രിക്ക് സമീപമായിരുന്നു അപകടം. കളത്തൂക്കടവ് മുള്ളൻതോട്ടത്തിൽ മാത്യു ആന്റണി(57), മകൻ നികിൽ (22), ആംബുലൻസ് ഡ്രൈവർ രവി (55) എന്നിവർക്കാണ് പരിക്കേറ്റത്. മാത്യുവിനെയും നികിലിനെയും മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു രവിയുടെ പരിക്ക് നിസാരമാണ്. മാത്യു മരത്തിൽ നിന്ന് വീണ് ഒരാഴ്ച മുമ്പ് വരെ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കലും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.