കോട്ടയം: മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഒ രതീഷ് കുമാറിനെ ചീട്ടുകളി ക്ലബിൽ നടന്ന റെയ്ഡ് സംബന്ധിച്ച തുടർ അന്വേഷണത്തിൽ നിന്നും മാറ്റി. സ്പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് ലഭ്യമായാൽ കൂടുതൽ നടപടി ഉണ്ടാവുമെന്നാണ് അറിയുന്നത്. ക്രൗൺ ക്ലബിൽ നടന്ന ചീട്ടുകളിയെക്കുറിച്ച് ഇനി അന്വേഷിക്കുന്നത് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ സന്തോഷ് കുമാറായിരിക്കും. ഇതു സംബന്ധിച്ച ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഉത്തരവ് നല്കി.
മണർകാട് പൊലീസിനെ അറിയിക്കാതെയാണ് ക്രൗൺ ക്ലബിൽ മൂന്ന് ഡിവൈ.എസ്.പി മാരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. 17.80 ലക്ഷം രൂപയും 40 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കൂടാതെ 43 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
രതീഷ് കുമാറും ക്ലബ് നടത്തിപ്പുകാരനുമായ വാവത്തിൽ കെ.വി സുരേഷും (മാലം സുരേഷ്) തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിനെ തുടർന്നാണ് കേസ് അന്വേഷണത്തിൽ നിന്നും മാറ്റിനിർത്തിയത്. എന്നാൽ, മഹസർ തയാറാക്കിയത് രതീഷ് കുമാറായിരുന്നു. ഇത് പരിശോധിക്കുവാൻ ഡിവൈ.എസ്.പി അനീഷ് വി.കോരയോട് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. ഫോൺ സംഭാഷണം രതീഷ് കുമാറും മാലം സുരേഷും തമ്മിലായിരുന്നോയെന്ന് ശാസ്ത്രീയമായി പരിശോധിക്കാൻ സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. രതീഷിന് പുറമെ മണർകാട് സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥർക്ക് മാലം സുരേഷുമായി വഴിവിട്ട ബന്ധമുണ്ടോയെന്നതും ഡിവൈ.എസ്.പി കോര പരിശോധിക്കും.
പ്രതി ചേർക്കപ്പെട്ട മാലം സുരേഷ് മുൻകൂർ ജാമ്യത്തിനായി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യഹർജിയിൽ കോടതിവിധി വന്നാൽ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കുമെന്ന് കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി വ്യക്തമാക്കി.