കോട്ടയം: കൊവിഡ് ബാധയെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് വാർഡുകളും, ജില്ലാ ആയുർവേദ ആശുപത്രിയിലെ ഒ.പി വിഭാഗവും അടച്ചു. മെഡിക്കൽ കോളേജിൽ രണ്ടു ഗർഭിണികൾ അടക്കം അഞ്ചു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 16 ഡോക്‌ടർമാരോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു. ജി ഏഴ്, ജി- എട്ട് വാർഡുകളാണ് അടച്ചത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേത്രരോഗ വിഭാഗവും, അതിനു മുൻപ് അസ്ഥി രോഗ ശസ്ത്രക്രിയാ വിഭാഗവും അടച്ചിരുന്നു.
ചികിത്സയ്‌ക്കായി എത്തിയ സുഹൃത്തായ ഡിവൈ.എസ്.പിയുമായി സമ്പർക്കത്തിലായ ഡോക്‌ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജില്ലാ ആയുർവേദ ആശുപത്രിയിലെ ഒ.പി അടച്ചത്. കഴിഞ്ഞ പത്തിനാണ് എറണാകുളം സ്വദേശിയായ ഡോക്‌ടർ ജില്ലാ ആയുർവേദ ആശുപത്രിയിൽ എത്തിയത്. 20 ന് ഇദ്ദേഹത്തിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‌തു. ഡോക്‌ടറും, ഡിവൈ.എസ്.പിയുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട അഞ്ചു ജീവനക്കാരോട് ഹോം ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു. മുഴുവൻ ജിവനക്കാരുടെയും രോഗികളുടെയും സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.