അമ്മയും കുഞ്ഞും ആശുപത്രി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കണമെന്ന് നഗരസഭ
വൈക്കം : താലൂക്ക് ആശുപത്രിയിലെ പുതിയ അമ്മയും കുഞ്ഞും ആശുപത്രി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കണമെന്ന് നഗരസഭ. ഈ ആവശ്യം ഉന്നയിച്ച് ചെയർമാൻ ബിജു.വി.കണ്ണേഴത്ത് ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. അമ്മയും കുഞ്ഞും ആശുപത്രിയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. താലൂക്ക് ആശുപത്രി വകുപ്പിൽ തന്നെയാണ് അമ്മയും കുഞ്ഞും ആശുപത്രിയുടെ ബഹുനില മന്ദിരം. ഇവിടെ കൂടുതൽ കിടക്കകൾ സജ്ജീകരിക്കാൻ കഴിയുമെന്നും കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കാനാവുമെന്നുമാണ് നഗരസഭയുടെ കണക്കുകൂട്ടൽ. ട്രീറ്റ്മെന്റ് സെന്ററിലേക്ക് ആവശ്യമായ സാധന സാമഗ്രികൾ സ്പോൺസർ ചെയ്യണമെന്ന് രാഷ്ട്രീയ പാർട്ടി നേതൃത്വത്തോടും സാമുദായിക സംഘടന ഭാരവാഹികളോടും റസിഡന്റ് അസോസിയേഷനോടും നഗരസഭാ കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ അധികൃതർ അഭ്യർത്ഥിച്ചു.
സേവനം ഉറപ്പാക്കണം
കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടികയിലുള്ള സ്ഥലങ്ങൾ അണുവിമുക്തമാക്കാൻ ഫയർ ഫോഴ്സിന്റെ സേവനം ഉറപ്പാക്കണമെന്ന് നഗരസഭാ അധികൃതർ ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ നഗരസഭ പ്രദേശത്തെ വിവാഹമടക്കമുള്ള ചടങ്ങുകൾക്ക് നഗരസഭയുടെ മുൻകൂർ അനുമതി വാങ്ങണം. കല്യാണ മണ്ഡപങ്ങളിലെ പരിപാടികളിൽ സാമൂഹ്യ അകലം പാലിക്കണം. കൈകൾ ശുചീകരിക്കുന്നതിന് ആവശ്യമായ സംവിധാനം ബന്ധപ്പെട്ടവർ ഒരുക്കണം. നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു. യോഗത്തിൽ വൈസ് ചെയർപേഴ്സൺ എസ്.ഇന്ദിരാദേവി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.അംബരീഷ്.ജി.വാസു, കൗൺസിലർമാരായ പി.ശശിധരൻ, ഡി.രഞ്ജിത്ത്കുമാർ, എം.ടി.അനിൽകുമാർ, ജെ.എച്ച്.ഐ അനീസ്, സൂപ്രണ്ട് ഒ.വി.മായ എന്നിവർ പങ്കെടുത്തു.
താലൂക്ക് ആശുപത്രിയിൽ നിർമ്മാണം നടന്നുവന്നിരുന്ന കാഷ്വാലിറ്റി കം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണം അതിവേഗം പൂർത്തിയാകുകയാണ്. കെട്ടിടം ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററാക്കുന്നതിന് വിട്ടുനൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിച്ചിട്ടുണ്ട്. നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് അമ്മയും കുഞ്ഞും ആശുപത്രി കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കാര്യം ആരോഗ്യവകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്.
സി.കെ.ആശ എം.എൽ.എ