പാലാ: കൊവിഡ് ബാധ തിരിച്ചറിയാനുള്ള സ്രവ പരിശോധനയ്ക്കും രോഗികളെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനുമായി ഡോ. യശോധരൻ ഗോപാലൻ കൈക്കാശു മുടക്കി ആരോഗ്യ വകുപ്പിന് ആംബുലൻസ് വാങ്ങി നൽകി.

രാമപുരം സ്വദേശിയായ ഡോ. യശോധരൻ കടനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറും ളാലം ബ്ലോക്കിനു കീഴിലെ കൊവിഡ് ചികിത്സാ നോഡൽ ഓഫീസറുമാണ്.

തൽക്കാലം ഡോ.യശോധരൻ ജോലി ചെയ്യുന്ന മേഖലയിലേക്ക് തന്നെ ഈ ആംബുലൻസ് വിട്ടുകൊടുക്കാനാണ് ജില്ലാ ആരോഗ്യ വിഭാഗം അധികാരികളുടെ തീരുമാനം. കോട്ടയം ജില്ലയ്ക്കുള്ളിൽ മറ്റെവിടെയെങ്കിലും അത്യാവശ്യമായി വന്നാൽ അവിടേയ്ക്കും ഈ വാഹനം അയക്കും.

ഡോ. യശോധരൻ സമർപ്പിച്ച മൊബൈൽ യൂണിറ്റ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ഇന്നലെ കോട്ടയം കളക്ടർ എം. അഞ്ജന നിർവ്വഹിച്ചു. ആരോഗ്യ വകുപ്പ് ജില്ലാ അധികാരികളായ ഡോ. വിദ്യാധരൻ, ഡോ. വ്യാസ് സുകുമാരൻ, ഡോ. ട്വിങ്കിൾ പ്രഭാകരൻ, ഡോ. അനിത തുടങ്ങിയവർ പങ്കെടുത്തു.
ഡോ. യശോധരന്റെ മാതൃകാപരമായ പ്രവർത്തിയെ ജില്ലാ കളക്ടർ അഭിനന്ദിച്ചു. ജോസ്. കെ. മാണി എം.പി.യും, മാണി. സി. കാപ്പൻ എം.എൽ. എ.യും ഡോ. യശോധരനെ ഫോണിൽ വിളിച്ച് അനുമോദനങ്ങൾ നേർന്നു.