ഞീഴൂർ: ഞീഴൂർ പഞ്ചായത്തിലെ കാട്ടാമ്പിൽ സർക്കാർ ആശുപത്രിയുടെ സബ് സെന്റർ ഞീഴൂർ കേന്ദ്രമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കേളി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റും ഞീഴൂർ വിശ്വഭാരതി എസ്.എൻ.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുൻ മുനേജർ കൂടിയായ കെ.കെ.സച്ചിദാനന്ദന്റെ നേതൃത്വത്തിൽ കളക്ടർ എം.അഞ്ജനയ്ക്ക് നിവേദനം നൽകി. മുപ്പതോളം സന്നദ്ധ സംഘടനകളുടെ അപേക്ഷയുൾപ്പെട്ടതാണ് നിവേദനം. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഞീഴൂർ നിവാസികൾ. ഉൾനാടൻ പ്രദേശത്താണ് നിലവിൽ ആശുപത്രി പ്രവർത്തിക്കുന്നത്.
ഇതു മൂലം ഞീഴൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള രോഗികൾക്ക് ഇവിടെ എത്തിപ്പെടാൻ സാധിക്കുന്നില്ല. യാത്രാ സൗകര്യവും വിരളമാണ്. ഞീഴൂർ പഞ്ചായത്തിലെ നൂറുകണക്കിനാളുകൾ അറുനൂറ്റിമംഗലം, കുറവിലങ്ങാട്, കടുത്തുരുത്തി സർക്കാർ ആതുരാലയങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാരിന്റെ വിവിധ ഡിപ്പാർട്ടുമെന്റുകളും ഞീഴൂർ കേന്ദ്രമായി പ്രവർത്തിക്കുന്നു. സബ് സെന്റർ അനുവദിച്ചാൽ ഇവ പ്രവർത്തിക്കുന്നതിനാവശ്യമായ വാടക കെട്ടിടവും മറ്റ് സൗകര്യങ്ങളും സച്ചിദാനന്ദന്റെ നേതൃത്വത്തിൽ തയാറാക്കി കഴിഞ്ഞു.