ജനറൽ ആശുപത്രിയിലെ കൊവിഡ് സെന്ററിന് തൊട്ടു പിന്നിൽ മാലിന്യം കത്തിച്ചു
പാലാ : ജനറൽ ആശുപത്രിയിലെ കൊവിഡ് സെന്ററിന് തൊട്ടു പിന്നിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ച് പരിസര മലിനീകരണം. അതീവ ഗുരുതരമായ സ്ഥിതിവിശേഷം മൂന്നു ദിവസം തുടർന്നിട്ടും വീഴ്ചവരുത്തിയവർക്കെതിരെ നടപടി നീളുകയാണ്. അതേസമയം അന്തരീക്ഷത്തിൽ കനത്ത പുക ഉയർന്നതോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊവിഡ് രോഗികളിൽ പലരും ചുമച്ച് അവശരായി. കനത്ത പുക സമീപപ്രദേശങ്ങളിലേക്കും പടർന്നതോടെ മുനിസിപ്പൽ കൗൺസിലർ ബിജി ജോജോയുടെ നേതൃത്വത്തിൽ സമീപവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ മാലിന്യം കൂട്ടിയിട്ട് കത്തിച്ച ജീവനക്കാരി തന്നെ വെള്ളമൊഴിച്ച് തീകെടുത്തുകയായിരുന്നു.
പുതിയ ആശുപത്രി മന്ദിരത്തിലെ കൊവിഡ് വാർഡിന് തൊട്ടുപിന്നിൽ കോൺക്രീറ്റ് റിംഗ് സ്ഥാപിച്ച് അതിനുള്ളിലാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നത്. കഴിഞ്ഞ് മൂന്ന് ദിവസമായി ഇത് തുടരുകയായിരുന്നുവെന്ന് രോഗികളും ആശുപത്രിക്ക് സമീപത്തെ താമസക്കാരും പറയുന്നു. ദുർഗന്ധത്തോടെയുള്ള പുകയാണ് ഇവിടെനിന്നും ഉയർന്നത്. ആശുപത്രി മാലിന്യങ്ങൾ 'ഇമേജ്' എന്ന സംഘടന കൊണ്ടുപോകുന്നുണ്ടെങ്കിലും ഭക്ഷ്യ അവശിഷ്ടങ്ങളും കടലാസും പ്ലാസ്റ്റിക് കൂടുമൊക്കെ കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെത്തന്നെ കത്തിക്കുകയായിരുന്നു. കൊവിഡ് വാർഡിലെ രോഗികൾക്കൊപ്പം ഇവിടെ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കും ഈ പുകപടലം ബുദ്ധിമുട്ടുണ്ടാക്കി.
അടുത്തിടെ കൊവിഡ് വാർഡിൽ താൽക്കാലികമായി നിയമിച്ച ചില ജീവനക്കാരാണ് ഇവിടെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചത്. ആശുപത്രിയിലെ ഒരു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നിർദ്ദേശപ്രകാരമാണ് മാലിന്യങ്ങൾ ഇവിടെയിട്ട് കത്തിച്ചതെന്ന് ശുചീകരണ വിഭാഗം ജീവനക്കാർ പറയുന്നു. അതേസമയം കഴിഞ്ഞദിവസങ്ങളിൽ ഇവിടെ മാലിന്യങ്ങൾ കത്തിച്ചിരുന്നുവെന്നും രോഗികളുടെയും സമീപവാസികളുടെയും പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ ഇത് തടഞ്ഞിട്ടുണ്ടെന്നും ജെ.എച്ച്.ഐ അശോക് കുമാർ പറഞ്ഞു.
പരാതി നൽകി
സംഭവത്തിൽ കുറ്റക്കാർക്കിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിലർ ബിജി ജോജോയും മുപ്പതോളം പരിസരവാസികളും ചേർന്ന് പാലാ ജനറൽ ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി. ജോസ് കെ. മാണി എം.പിയും ആശുപത്രി അധികൃതരെ അതൃപ്തി അറിയിച്ചു.സംഭവത്തിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ചതായി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു. സി. മാത്യു പറഞ്ഞു.