adimaly-town

അടിമാലി: കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി അടിമാലിയിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനം.ജാഗ്രതയും പ്രതിരോധവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അടിമാലിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ സർവ്വകക്ഷി യോഗത്തിൽ ധാരണയായത്. ഇന്ന് മുതൽ 31 വരെ അവശ്യ സർവ്വീസുകൾ ഒഴികെയുള്ള അടിമാലി ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടും.മെഡിക്കൽ സ്റ്റോറുകൾ,പലചരക്ക്,പഴം,പച്ചക്കറി കടകൾ,ഹോട്ടലുകൾ,ബേക്കറികൾ,സർക്കാർ,അർധ സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ മാത്രമെ തുറന്നു പ്രവർത്തിക്കു.പത്ത് വയസ്സിൽ താഴെയുള്ളവരും 60 വയസ്സിന് മുകളിൽ ഉള്ളവരും യാതൊരു കാരണവശാലും പുറത്തിറങ്ങാൻ പാടില്ല.മുഖാവരണം ധരിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകും.രാവിലെ 10 മുതൽ വൈകിട്ടഞ്ച് വരെയാണ് ടൗണിൽ തുറക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കുള്ള പ്രവർത്തന സമയം.ഹോട്ടലുകൾ രാവിലെ 7 മുതൽ 9 വരെയും തട്ടുകടകൾക്ക് വൈകിട്ട് നാല് മുതൽ 9 വരെ പ്രവർത്തിക്കാം.ഹോട്ടലുകളിൽ നിന്നും ബേക്കറികളിലും നിന്നും തട്ടുകടകളിൽ നിന്നും പാഴ്‌സൽ മാത്രമെ അനുവദിക്കു.യാതൊരു വിധത്തിലുള്ള വഴിയോരകച്ചവടവും നിയന്ത്രണ കാലയളവിൽ അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളും ടാക്‌സി വാഹനങ്ങളും അവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറക്കി പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന അഭ്യർത്ഥന പഞ്ചായത്ത് മുമ്പോട്ട് വച്ചിട്ടുണ്ട്.അടിമാലിയുടെ സമീപമേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ആളുകൾ കൂടുതലായി അടിമാലി ടൗണിലേക്കെത്താൻ തുടങ്ങിയ സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം.അടിമാലി പഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത്, പോലീസ്, ആരോഗ്യ വകുപ്പ്, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.