പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ ചെറുവള്ളി കുടുംബക്ഷേമ കേന്ദ്രം നവീകരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രമാക്കും. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് കെട്ടിട വിഭാഗംപ്രാഥമിക നടപടികൾ ആരംഭിച്ചു. 50 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ചിറക്കടവ് പഞ്ചായത്തിലാണ് എന്ന കാരണത്താൽ പ്രാഥമിക ആരോഗ്യകേന്ദ്രം അനുവദിച്ചിരുന്നില്ല. പിന്നീട് ആരോഗ്യവകുപ്പ് അനുമതി നൽകിയെങ്കിലും പദ്ധതി അധിക ബാധ്യതയാകുമെന്ന ധനകാര്യ വകുപ്പിന്റെ എതിർപ്പിനെത്തുടർന്നു മുടങ്ങി പോകുകയായിരുന്നു. ഡോ.എൻ.ജയരാജ് എം.എൽ.എ മുൻകൈയെടുത്താണ് പദ്ധതിക്ക് അനുമതി നേടിയത്.

ഇപ്പോൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സൗകര്യം ചിറക്കടവ് നിവാസികൾക്ക് ലഭിക്കണമെങ്കിൽ 15 കി.മീറ്ററിലേറെ യാത്ര ചെയ്ത് ഇടയിരിക്കപ്പുഴ വരെ പോകണം. ചിറക്കടവിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും കൊവിഡ് പ്രതിരോധ മാർഗങ്ങളും നടത്തുന്നത് ഇടയിരിക്കപ്പുഴ പ്രാഥമാകാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരാണ്. ചിറക്കടവിൽ പ്രാഥമികാരോഗ്യ കേന്ദ്രം ആരംഭിച്ചാൽ കൂടുതൽ കാര്യക്ഷമമായി ഇത്തരം പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടത്താനാകും.