road

ചങ്ങനാശേരി: ആന്റിജൻ പരിശോധനയിൽ കൂടുതൽ കൊവിഡ് ബാധിതരെ കണ്ടെത്തിയതോടെ ചങ്ങനാശേരിയിൽ ആശങ്ക വർദ്ധിക്കുന്നു. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മേഖലയിൽ അതീവ ജാഗ്രത പുലർത്താനാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. കഴിഞ്ഞ നാലു ദിവസങ്ങൾക്കിടയിൽ രോഗികളുടെ എണ്ണം 75ലെത്തി. ആന്റിജൻ പരിശോധന തുടരുന്നതിനാൽ രോഗികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ചങ്ങനാശേരി നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ്. സമീപ പഞ്ചായത്തുകൾക്കും അധികൃതർ അതീവ ജാഗ്രത നിർദേശം നല്കി.മേഖലയിൽ മുന്നറയിപ്പ് അനൗൺസ്‌മെന്റുകളും നടത്തി.

പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, നഗരപ്രദേശം എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ. രണ്ടു ജില്ലകളുടെ അതിർത്തി പ്രദേശമായ പായിപ്പാട്, തൃക്കൊടിത്താനം പഞ്ചായത്തിൽ മാത്രം കൂടുതൽ കൊവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്തെ മത്സ്യ മാർക്കറ്റിൽ ദൂരെ സഥലങ്ങിൽ നിന്നുപോലും കച്ചവടക്കാർ എത്തിയിരുന്നു. കൂടാതെ, ചങ്ങനാശേരി മത്സ്യമാർക്കറ്റിൽ നിന്നും പ്രദേശത്തെ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പായിപ്പാട് 8,9,10,11 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സൂപ്പർ സ്‌പ്രെഡ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി മറ്റ് വാർഡുകളിലും നിയന്ത്രണം കർശനമാക്കും.

വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കും

കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് തൃക്കൊടിത്താനം പഞ്ചായത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് മുതൽ വാഴപ്പള്ളി പഞ്ചായത്തിലെ കുരിശുംമൂട് പ്രദേശത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും 31 വരെ അടയ്ക്കും. കുരിശുംമൂട് മത്സ്യമാർക്കറ്റിലെ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് വ്യാപാരസ്ഥാപനങ്ങൾ അടയ്ക്കാൻ തീരുമാനിച്ചത്.