covid

കോട്ടയം: കോട്ടയത്തും സാമൂഹ്യവ്യാപനം രൂക്ഷമായി. 51 പേർക്ക് ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചതിൽ 41 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ജില്ലയിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണിത്. ചങ്ങനാശേരി, കുറിച്ചി, ചിങ്ങവനം, ഏറ്റുമാനൂർ, വൈക്കം മേഖലകളിലാണ് രോഗം അതിവേഗം പടരുന്നത്.

അതേസമയം കോട്ടയം മെഡ‌ിക്കൽ കോളേജിൽ ചികിത്സ അത്യാവശ്യക്കാർക്ക് മാത്രമായി ചുരുക്കി. എന്നാൽ ഒ.പിക്ക് തടസമില്ലെയെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നേത്രരോഗ വിഭാഗം വാർഡും ഗൈനക്കോളജി വിഭാഗവും കൊവിഡിനെ തുടർന്ന് അടച്ചു. രണ്ടാഴ്ചമുമ്പ് അസ്ഥിരോഗ വിഭാഗം അടച്ചിരുന്നു. മെഡിക്കൽ കോളേജിലെ 19 ഡോക്ടർമാരും 30 ജീവനക്കാരും നിരീക്ഷണത്തിലാണ്. അസ്ഥിരോഗ വിഭാഗത്തിൽ ഒൻപതും നേത്രരോഗ വിഭാഗത്തിൽ നാലും ഗൈനക്കോളജി വിഭാഗത്തിൽ ആറും ഡോക്ടർമാരാണ് നിരീക്ഷണത്തിലായത്. കൂടാതെ നഴ്സുമാർ ഉൾപ്പെടെ 30 ജീവനക്കാരും 100 ലധികം രോഗികളും മൂന്നു വാർഡുകളിലായി നിരീക്ഷണത്തിലുണ്ട്.

36 വിഭാഗങ്ങളിലായി 2000 ലധികം കിടക്കകളാണ് ആശുപത്രിയിലുള്ളത്.

ചങ്ങനാശേരി, ഏറ്റുമാനൂർ മാർക്കറ്റുകൾ ഒരാഴ്ചമുമ്പ് അടച്ചിരുന്നു. മത്സ്യമാർക്കറ്റിൽ എത്തിയവർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് മാർക്കറ്റുകൾ അടച്ചത്. കോട്ടയം മത്സ്യ - സസ്യമാർക്കറ്റുകളിൽ എത്തുന്ന ലോറി ഡ്രൈവർമാരെ പരിശോധിച്ചശേഷമാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. മാർക്കറ്റിലെ സ്ഥാപനങ്ങൾ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ മാത്രമേ പ്രവർത്തിക്കാവൂവെന്ന് ഇന്നലെ ആരോഗ്യവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ എത്തി അറിയിച്ചു.

കോട്ടയം മാർക്കറ്റിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ചരക്ക് വാഹനങ്ങൾ കർശന പരിശോധനയ്ക്ക് ശേഷമേ മാർക്കറ്റിനുള്ളിലേക്ക് കടത്തി വിടുകയുള്ളു. അണു നശീകരണം നടത്തിയശേഷം ഹെൽപ്പ് ഡെസ്കിൽ നിന്ന് പാസ് വാങ്ങിയാൽ മാത്രമേ മാർക്കറ്റിനുള്ളിലേക്ക് കടക്കാൻ സാധിക്കൂ. പാസ് ഇല്ലാത്ത വാഹനങ്ങളിൽ നിന്നും ചരക്ക് ഇറക്കാൻ സമ്മതിക്കില്ല. രാത്രി എട്ടുമുതൽ രാവിലെ 9 വരെ ചന്തക്കലവ റോഡ്, പഴയ പച്ചക്കറി മാർക്കറ്റ്, കോഴിച്ചന്ത റോഡ് എന്നിവ പൂർണമായും അടച്ചിടും.

ചങ്ങനാശേരി, പായിപ്പാട് മേഖലകളിലാണ് വൈറസ് അതിവേഗം പടരുന്നത്. വിദേശത്തുനിന്നും എത്തിയ അഞ്ചു പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ചിങ്ങവനത്ത് രോഗം സ്ഥിരീകരിച്ച ഒരാളിൽ നിന്നും നാലു പേർക്കും കൊവിഡ് പോസിറ്റീവ് ആയി. ഇയാൾ രോഗം മറച്ചുവച്ച് സംസ്കാര ചടങ്ങിൽ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. വൈക്കം മാർക്കറ്റിൽ രോഗബാധിതനായ ഒരാളുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ 333 പേരാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ആകെ 608 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 275 പേർ രോഗമുക്തി നേടി. ഇന്നലെ രോഗമുക്തി നേടിയവരുടെഎണ്ണം 12 ആണ്.