കോട്ടയം: ഇടതു മുന്നണി സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം ത്രിശങ്കുവിലായതോടെ ജോസഫ് പ്രഖ്യാപിച്ച 'വിപ്പ് ആപ്പിൽ' റെഡ്സോണിലായിടുന്ന കേരളകോൺഗ്രസ് ജോസ് വിഭാഗം തത്ക്കാലം ഗ്രീൻസോണിലേക്ക് മാറി. ആറുമാസത്തെ ഇടവേളയിൽ നിയമസഭ ചേരണമെന്ന നിയമമനുസരിച്ച് അടുത്ത സെപ്തംബർ12നകം സഭ വിളിക്കണം. അവിശ്വാസത്തിന്റെയും വിപ്പിന്റെയും ആയുസ് അതു വരെ നീണ്ടു. ഇടതു സർക്കാരിലും സ്പീക്കറിലും അവിശ്വാസം രേഖപ്പെടുത്തി യു.ഡി.എഫ് നൽകിയ പ്രമേയ ചർച്ചയിൽ നിന്നു വിട്ടു നിൽക്കണമെന്ന നിലപാടിലേക്ക് പാർലമെന്ററി പാർട്ടി യോഗം എത്തിയെങ്കിലും ഇരു തലമൂർച്ചയുള്ള ജോസഫിന്റെ 'വിപ്പ് ' രണ്ട് എം.എൽ.എ സ്ഥാനവും കൊണ്ടു പോകുമോ എന്ന ഭയം മാറാത്തതിനാൽ നിയമസഭ കൂടാനിരുന്ന 27നുള്ളിൽ അന്തിമ നിലപാട് എടുക്കാനായിരുന്നു തീരുമാനം. നിയമസഭാ സമ്മേളനം ഇനി നടക്കുമോ എന്ന് ഉറപ്പില്ലാത്തതിൽ ആശ്വസിക്കുകയാണ് ജോസ് പക്ഷം. കുട്ടനാട് ഉപതിരഞ്ഞെടുപ്പ് മാറ്റിവെച്ചതിനാൽ ജോസഫുമായുള്ള ചിഹ്നതർക്കത്തിൽ നിന്നു രക്ഷപെട്ടു. യു.ഡി.എഫിൽ നിന്നു പുറത്തായെങ്കിലും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരിൽ ജോസഫ് നൽകാനിരുന്ന അവിശ്വാസവും ഉപേക്ഷിച്ചു. നിയമസഭാ സമ്മേളനം മാറ്റി ജോസഫിന്റെ വിപ്പും പോയതോടെ ഭാഗ്യം തങ്ങൾക്കൊപ്പമെന്ന് ആശ്വസിക്കുകയാണ് അവർ .
|