ravi-

മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് വീട് വിട്ടുപോയ യുവാവിനെ കണ്ടെത്തണമെന്ന പരാതിയിലാണ് വൈക്കം പൊലീസ് കോട്ടയം ഡോഗ് സ്ക്വാഡിനെ സമീപിച്ചത്. ആളൊഴിഞ്ഞ വീട്ടിലെത്തി ഒളിച്ചിരുന്ന യുവാവിനെ കണ്ടെത്തിയതോടെ ശ്വാനൻ രവി ഹീറോ ആയി.

രംഗം 1

വീട്ടുകാരും നാട്ടുകാരും നടത്തിയ പരിശോധനയിൽ യുവാവിന്റെ ബൈക്കും ഫോണും ഹെൽമറ്റും റോഡരികിൽ കണ്ടെത്തുന്നു.

രംഗം 2

അടുത്ത ദിവസം ഉച്ചയോടെ കോട്ടയം ഡോഗ് സ്ക്വാഡിലെ യൂണിറ്റ് ഇൻചാർജ് കെ.വി.പ്രേംജിയുടെ നിർദ്ദേശ പ്രകാരം പൊലീസുകാരായ ശ്രീകുമാർ, സുനിൽ, ബിറ്റു എന്നിവർക്കൊപ്പം ട്രാക്കർ ഡോഗ് രവിയെത്തുന്നു. ഹെൽമറ്റിലും ബൈക്കിലും മണംപിടിക്കുന്നു

 രംഗം 3

കുതിച്ചു ചാടിയ രവി നേരെ ഒരുകിലോമീറ്ററോളം ഓടിയ ശേഷം ആളൊഴിഞ്ഞ പറമ്പിലേക്ക്. കാടും പടലും മണത്തുനടന്ന രവി ആളൊഴിഞ്ഞ വീടിനെ നോക്കി പരിസരത്തുണ്ടെന്ന സൂചന നൽകുന്നു. വീടിന് ഉള്ളിൽ കടന്ന പൊലീസ് ആൽമരം കിളർത്തു തുടങ്ങിയ ഭിത്തിയോട് ചേർന്ന് കൈകൾ കൊണ്ട് കൂട്ടിക്കെട്ടിയ മുട്ടിൽ മുഖം അമർത്തിയിരിക്കുന്ന യുവാവിനെ കണ്ടെത്തുന്നു.

രംഗം 4

കോടതിയിൽ ഹാജരാക്കിയ യുവാവിനെ കോടതി നിർദ്ദേശ പ്രകാരം ആശുപത്രിയിലേക്കു മാറ്റുന്നു.

ലാബ്രഡോർ രവി

ലാബ്രഡോർ ഇനത്തിൽപ്പെട്ടതാണ് അഞ്ച് വയസുള്ള രവി. തൃശൂർ പൊലീസ് അക്കാഡമിയിൽ പരിശീലനം. പാലാ ഡോഗ് സ്ക്വാഡിലായിരുന്നു ആദ്യം. ട്രാക്കർ വിഭാഗത്തിൽ പരിശീലനം ലഭിച്ച രവി നിരവധി മോഷണ, കൊലപാതക കേസുകൾക്ക് തുമ്പുണ്ടാക്കിയിട്ടുണ്ട്. ദിവസവും മൂന്ന് മണിക്കൂർ വ്യായാമം. രാവിലെയും വൈകിട്ടും 350 ഗ്രാം വീതം റോയൽ കെനിനും കാൽ ലിറ്റർ വീതം പാലും നൽകും. രവിയുടെ സഹോദരി ജൂലി കഴിഞ്ഞദിവസം മരിച്ചു.