31 വരെ തുടരും
അടിമാലി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏറ്റെടുത്ത് അടിമാലി.ജാഗ്രതയും പ്രതിരോധവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അടിമാലിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ പഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ തീരുമാനമെടുത്തത്.നിയന്ത്രണങ്ങളോട് സഹകരിക്കുന്ന കാഴ്ച്ചയാണ് അടച്ചിടലിന്റെ ആദ്യ ദിനംതന്നെ ദൃശ്യമായത്..അവശ്യ സർവ്വീസുകൾ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ ടൗണിൽ പൂർണ്ണമായി അടഞ്ഞ് കിടന്നു.വിരലിലെണ്ണാവുന്ന സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷ ടാക്‌സി വാഹനങ്ങളുമാണ് നിരത്തിലിറങ്ങിയത്.ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് അഭ്യർത്ഥിച്ചു.ചുരുക്കം ചില കെ എസ് ആർ ടിസി ബസ് സർവ്വീസുകൾ അടിമാലിയിൽ നിന്നും സർവ്വീസ് നടത്തി. സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു.രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് ടൗണിൽ തുറക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കുള്ള പ്രവർത്തന സമയം.ഹോട്ടലുകൾ രാവിലെ 7 മുതൽ 9 വരെയും തട്ടുകടകൾക്ക് വൈകിട്ട് നാല് മുതൽ 9 വരെ പ്രവർത്തിക്കാം.ഹോട്ടലുകളിൽ നിന്നും ബേക്കറികളിലും നിന്നും തട്ടുകടകളിൽ നിന്നും പാഴ്‌സൽ മാത്രമെ അനുവദിക്കു.പത്ത് വയസ്സിൽ താഴെ പ്രായമുള്ളവരും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്ന നിർദ്ദേശവും പഞ്ചായത്ത് മുമ്പോട്ട് വച്ചിട്ടുണ്ട്.31 വരെയാണ് പഞ്ചായത്ത് ടൗണിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.